
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസ്. 'ബോഡി ആന്‍ഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കള്‍ തന്റെ ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകന് പോലീസില്‍ പരാതി നല്‍കിയത്. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67 -ാം വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് പോക്സോ നിയമത്തിലെ 75-ാം വകുപ്പു പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിന് സാധ്യത ഉള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.






