
മദ്യപാനം ആരോഗ്യത്തിന് ദോഷകരമായ കാര്യമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ജോര്‍ജിയ സര്‍വ്വകലാശാലയുടെ പഠനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മിതമായ അളവില്‍ മദ്യപിക്കുന്നത് പ്രായമേറിയവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സംരക്ഷിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ പ്രായമേറിയവരിലും മുതിര്‍ന്നവരിലും മദ്യപാനവും തലച്ചോറിന്റെ പ്രവര്‍ത്തനത്തിലെ മാറ്റങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തിലാണ് സംഘം പുതിയ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്.
19,887 പേരാണ് ഈ പഠനത്തിനായി സഹകരിച്ചത്. ഇവര്‍ തങ്ങളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും കുറിച്ച് വിവരങ്ങള്‍ പഠന സംഘത്തിന് നല്കി. മദ്യപാനത്തെ കുറിച്ചുള്ള ചോദ്യങ്ങളും പഠനസംഘം ഇവരോട് ചോദിച്ചിരുന്നു. മിതമായ മദ്യപാനം സ്ത്രീകള്‍ക്ക് ആഴ്ചയില്‍ എട്ട് ഗ്ലാസില്‍ കുറവും പുരുഷന്മാര്ക്കിടയില് ആഴ്ചയില്‍ 15 ഗ്ലാസോ അതില്‍ കുറവോ ആയി നിര്‍വചിക്കപ്പെടുന്നു. അവരുടെ മൊത്തത്തിലുള്ള മാനസിക നില, വാക്കുകള്‍ ഓര്‍മിച്ചെടുക്കല്‍, പദാവലി എന്നിവ പരിശോധിക്കുന്ന ഒരു പരീക്ഷണത്തിലൂടെ അവരുടെ വൈജ്ഞാനിക പ്രവര്‍ത്തനം അളന്നു.
''ദിവസവും കുറച്ച് വീഞ്ഞ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചിലര്‍ വിശ്വസിക്കുന്നു. ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനവുമായി യഥാര്‍ത്ഥത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുണ്ടോ, അല്ലെങ്കില്‍ ഇത് മദ്യപാനികളുടെ ന്യായവാദം മാത്രമാണോ ഇതെന്ന് ഞങ്ങള്‍ക്ക് അറിയണമായിരുന്നു.' - യുജിഎയുടെ കോളേജ് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുയുവാന് ഷാങ് പറഞ്ഞു. നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് റിട്ടയര്‍മെന്റ് സ്റ്റഡിയില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് 10 വര്‍ഷത്തിലധികമായി തലച്ചോറിന്റെ പ്രവര്‍ത്തനം ട്രാക്കുചെയ്യുന്നതിനുള്ള ഒരു മാര്‍ഗം ഷാങ്ങും സംഘവും വികസിപ്പിച്ചു.
പ്രായം, പുകവലി അല്ലെങ്കില്‍ വിദ്യാഭ്യാസ നിലവാരം തുടങ്ങിയ വിജ്ഞാനത്തെ സ്വാധീനിക്കുന്ന മറ്റ് പ്രധാന ഘടകങ്ങള്‍ കണക്കാക്കി പരിശോധിച്ചപ്പോഴും മിതമായി മദ്യപിക്കുന്നവര്‍ക്കിടയില്‍ വൈജ്ഞാനിക നിലവാരം ഉയര്ന്നുനില്ക്കുന്നതായി കണ്ടെത്തി. മദ്യപിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒരു ദിവസം ഒന്നോ രണ്ടോ പെഗ് അകത്താക്കുന്നവര്‍ കാലക്രമേണ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്നതായി സംഘം കണ്ടെത്തി. ഈ മാറ്റം സാധാരണഗതിയില്‍ ഉണ്ടായതെന്ന് പറയുക പ്രയാസമാണ്. എന്നാല്‍, നിലവില്‍ മദ്യപിക്കാത്തവര്‍ ഈ ശീലം തുടങ്ങിയാല്‍ അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുമെന്നും ഇതിന് അര്‍ത്ഥമില്ല. ഈ പഠനം മദ്യപിക്കാത്തവരെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഷാങ് പറയുന്നു.






