
ഇന്ത്യയില്‍ ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോയിക്ക് ഏറ്റവുമധികം നേട്ടം സമ്മാനിച്ച വാഹനം ക്വിഡ് ആയിരിക്കും. റിപ്പോർട്ട് പ്രകാരം 3.5 ലക്ഷം ക്വിഡുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചതിന്റെ ഭാഗമായി ക്വിഡ് പുതിയ ഒരു വേരിയന്റ് അവതരിപ്പിച്ചു. ക്വിഡ് 1.0 ലിറ്റര്‍ എന്ജിന് മോഡലിന്റെ RXL വേരിയന്റാണ് പുറത്തിറക്കിയത്. ഈ പതിപ്പ് ഓട്ടോമാറ്റിക്- മാനുവല്‍ ട്രാന്സ്മിഷനുകളില് എത്തും.
രണ്ട് ട്രാന്സ്മിഷനുകളിലുമെത്തുന്ന ഈ വേരിയന്റിന്റെ മാനുവല്‍ പതിപ്പിന് 4.16 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 4.88 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ക്വിഡിന്റെ 1.0 ലിറ്റര്‍ പതിപ്പില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണ് RXL. ഇന്ത്യന്‍ നിരത്തുകളില്‍ ചെറുകാറുകളുടെ ആവശ്യം ഉയരുന്നത് കണക്കിലെടുത്താണ് പുതിയ വേരിയന്റ് പുറത്തിറക്കിയതെന്നാണ് നിര്‍മാതാക്കൾ പറയുന്നത്.
പുതിയ RXL വേരിയന്റിൽ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉള്ളത്. ഈ എന്ജിന് 67 ബിഎച്ച്പി പവറും 91 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. RXL വേരിയന്റ് എത്തിയതോടെ 1.0 ലിറ്റര്‍ എന്ജിന് ക്വിഡിന് അഞ്ച് വേരിയന്റുകളാണുള്ളത്. ക്വിഡിന്റെ 0.8 ലിറ്റര്‍ പെട്രോള്‍ എന്ജിന് മോഡല്‍ 53 ബിഎച്ച്പി പവറും 72 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ക്വിഡിന്റെ രണ്ടാംതലമുറ മോഡലിന്റെ അടിസ്ഥാനമാക്കിയാണ് ഈ വേരിയന്റും എത്തുന്നത്.
പുതിയ ഗ്രില്ല്, ഗ്രില്ലിനോട് ചേര്‍ന്ന് സ്ഥാനം പിടിച്ചിരിക്കുന്ന ഡിആര്‍എല്‍, ബംബറിലേക്ക് സ്ഥാനം മാറിയ സ്പ്ലിറ്റ് ഹെഡ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംബര്‍, സ്കിഡ് പ്ലേറ്റ് എന്നിവയാണ് ക്വിഡിന്റെ സവിശേഷതകൾ. ഓറഞ്ച് നിറത്തിലുള്ള സൈഡ് മിറര്‍, ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ച്, ക്ലാഡിങ്ങുകള്‍, ബ്ലാക്ക് ഫിനീഷിങ്ങ് പില്ലറുകള്‍, ഡ്യുവല്‍ ടോണ്‍ റൂഫ് റെയില്‍, പുതിയ അലോയി വീൽ എന്നിവയും ലഭിക്കുന്നു. ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീൽ, രണ്ട് നിറങ്ങളിലുള്ള സീറ്റുകൾ, എട്ട് ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ആണ് ക്വിഡിന്റെ ഇന്റീരിയറിൽ ഉള്ളത്.






