
ചൈനീസ് വാഹന ഭീമൻ എസ്എഐസിയുടെ (SAIC) കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത് എസ്യുവി അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ മാസം അവസാനത്തോടെ എത്തിയേക്കും. ഫെബ്രുവരിയിൽ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഹെക്ടർ പ്ലസ് ആണ് എംജി മോട്ടോറിന്റെ ഇന്ത്യയിലെ മൂന്നാമൻ.
ഹെക്ടർ പ്ലസിന്റെ ബുക്കിങ് എംജി മോട്ടോർ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. 50,000 രൂപ മുടക്കി എംജി മോട്ടോർ ഇന്ത്യ വെബ്സൈറ്റ് വഴി ഹെക്ടർ പ്ലസ് ബുക്ക് ചെയ്യാം. പേര് സൂചിപ്പിക്കും പോലെ 5 സീറ്റർ ഹെക്ടർ എസ്യുവിയുടെ വലിയ മോഡലാണ് ഹെക്ടർ പ്ലസ്. ഹെക്ടറിലെ രണ്ടാം നിര ബെഞ്ച് സീറ്റുകൾക്ക് പകരം ഹെക്ടർ പ്ലസ്സിൽ രണ്ടാം നിരയിൽ രണ്ട് ബക്കറ്റ് സീറ്റുകളാണ്. ഇത് കൂടാതെ മൂന്നാം നിരയിൽ 2 പേർക്കിരിക്കാം. 2+2+2 എന്ന രീതിയിലാണ് ഹെക്ടർ പ്ലസിന്റെ സീറ്റിംഗ് ക്രമീകരണം. ബർഗണ്ടി റെഡ്, ഗ്ലെയ്സ് റെഡ്, സ്റ്റാറി ബ്ലാക്ക്, കാൻഡി വൈറ്റ്, ഒറോറ സിൽവർ എന്നീ നിറങ്ങളോടൊപ്പം ഹെക്ടർ പ്ലസ്സിന് മാത്രമായി സ്റ്റാറി സ്കൈ ബ്ലൂ എന്നൊരു പുതിയ നിറവും എംജി മോട്ടോർ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാൽ, ഹെക്ടറും ഹെക്ടർ പ്ലസും തമ്മിൽ അകത്തളത്ത് മറ്റു മാറ്റങ്ങളിലെന്നാണ് സൂചന. അതെ സമയം ഹെക്ടർ പ്ലസ്സിന് നൽകിയിരിക്കുന്ന സ്മോക്ഡ് സെപ്പിയ ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററി ഇതിന് പ്രീമിയം ലുക്ക് നൽകുന്നുണ്ട്.എൻജിൻ ഓപ്ഷനുകളായി 1.5 ലിറ്റർ ടർബോ പെട്രോൾ, 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിവയാണ് ഉള്ളത്. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സ് ഓപ്ഷനുകളും സ്റ്റാൻഡേർഡ് ഹെക്ടറിന് സമാനമായി ഹെക്ടർ പ്ലസ്സിലും തുടരും. ഹെക്ടറിനേക്കാൾ നീളം 40 എംഎം കൂടി, 4695 എംഎം ആണ് ഹെക്ടർ പ്ലസിന്റെ നീളം. 1835 എംഎം വീതിയും 1760 എംഎം ഉയരവും ഹെക്ടറിലും ഹെക്ടർ പ്ലസ്സിലും ഒരുപോലെയാണ്.






