
പാറ്റ്ന: ലോക്ക് ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലാകുകയും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വരികയും ചെയ്ത ഭഗല്‍പൂരിലെ കുട്ടികള്‍ക്ക് ഒടുവില്‍ ബീഹാര്‍ സര്‍ക്കാരിന്റെ അരി വന്നു. ഭഗല്‍പൂര്‍ മുഷാരി ടോളയിലെ ബാഡ്ബില്ലാ ഗ്രാമത്തിലെ മഹാദളിത് കോളനി ലോക്ക് ഡൗണ്‍ വന്നതോടെ കൊടും പട്ടിണിയിലായിരുന്നു. സ്കൂളിലെ ഉച്ചക്കഞ്ഞി നിന്നതോടെ കുട്ടികള്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ കുട്ടികള്‍ ചവറു പെറുക്കാനും ഭിക്ഷയാചിക്കാനും പോകുന്നതിന്റെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വരികയും വലിയ വിവാദമാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഗ്രാമത്തിലെ വീടുവീടാന്തരം കയറിയിറങ്ങി അധികൃതര്‍ കുട്ടികള്‍ക്ക് വന്നിട്ടുള്ള ധാന്യങ്ങള്‍ വന്നു വാങ്ങാന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച മുതല്‍ വിതരണവും തുടങ്ങി. 80 ദിവസത്തേക്ക് പ്രൈമറി കുട്ടികള്‍ക്ക് 100 ഗ്രാം കണക്കാക്കി എട്ടു കിലോ അരിയും ദിവസം 4.48 രൂപ കണക്കാക്കി 358 രൂപയും അനുവദിച്ചു. 6 മുതല്‍ 8 വരെ ക്ളാസ്സിലുള്ളവര്‍ക്ക് ഒരാള്‍ക്ക് 150 ഗ്രാം കണക്കാക്കി 12 കിലോ അരിയും 6.71 രൂപ കണക്കില്‍ 536 രൂപയുമാണ് അനുവദിച്ചത്. 2019 ല്‍ നടന്ന സര്‍വേ അനുസരിച്ച് ബീഹാറില്‍ 115 ലക്ഷം കുട്ടികള്‍ 1 മുതല്‍ 8 വരെ ക്ളാസ്സില്‍ പഠിക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രി മുതല്‍ വിതരണം ചെയ്യാന്‍ നിര്‍ദേശം വന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ ഇവര്‍ക്കുള്ള അരിയും പണവും നല്കാന് തുടങ്ങി.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏറ്റവും ബാധിച്ചത് ദരിദ്ര വിഭാഗത്തില്‍ പെടുന്ന കുട്ടികളെ ആയിരുന്നു. മാര്‍ച്ചില്‍ മഹാമാരി പടര്‍ന്നു പിടിച്ചതോടെ സ്കൂളുകള്‍ അടച്ചതോടെ മിക്കവരും പട്ടിണിയലായി. സ്കൂളില്‍ നിന്നുള്ള ഉച്ചക്കഞ്ഞി ഇവര്‍ക്ക് വളരെ ആശ്വാസമായിരുന്നു. അത് മുടങ്ങിയതിനാല്‍ ഒരു നേരം വയര്‍ നിറയ്ക്കാന്‍ പോലും പാടുപെട്ടു. ഇതോടെയാണ്
ഭഗല്‍പൂരിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഭിക്ഷാടനത്തെ ആശ്രയിക്കേണ്ടി വന്നത്. സമീപത്തെ ചന്തയിലും മറ്റും ഭിക്ഷാടനം നടത്തിയും ചവറ് പെറുക്കിയുമായിരുന്നു ഇവര്‍ അതിജീവിച്ചത്. ലോക്ക്ഡൗണിന് മുമ്പ് സ്കൂളില്‍ നിന്നും ഉച്ചക്കഞ്ഞി കുട്ടികള്‍ക്ക് വലിയ ആശ്രയമായിരുന്നു.
സ്കൂളില്‍ കുട്ടികള്‍ക്ക് കഞ്ഞിയും ദാലും സോയയും പച്ചക്കറിയുമെല്ലാം ദിവസവും കിട്ടിയിരുന്നു. വെള്ളിയാഴ്ച മുട്ടയും. സ്കൂളുകള്‍ അടച്ചതോടെ ഇത് ഇല്ലാതായി. ഇവരില്‍ പോഷകാഹാര കുറവും കണ്ടു തുടങ്ങി. മഴക്കാലത്ത് ഭിക്ഷാടനത്തിനും കഴിയാതായതോടെ കൊടും പട്ടിണിയിലായി. ദാരിദ്ര്യവും സാമൂഹ്യ വിവേചനവും അനുഭവിക്കുന്ന മഹാദളിത് വിഭാഗത്തിലെ 1000 ലധികം പേരാണ് മുഷാരി ടോളയില്‍ താമസിക്കുന്നത്. ചവറ് വിറ്റും ഭിക്ഷ യാചിച്ചും ജീവിക്കുന്ന ഇവര്‍ക്ക് സ്വച്ഛ് ഭാരതിന്റെ ഭാഗമായുള്ള ശൗചാലയങ്ങളോ നല്ല വീടുകളോ പോലുമില്ല.
കൃഷിക്കാര്‍ ഇവരുടെ സ്ത്രീകളെ ഓടിക്കുന്നത് പതിവാണ്. സ്കൂള്‍ ഇല്ലാത്ത ദിവസം കുട്ടികളും മാതാപിതാക്കള്‍ക്കൊപ്പം ഭിക്ഷാടനം നടത്തുകയോ ചവറ് പെറുക്കാന്‍ പോകുകയോ ചെയ്യും. പഴയ പ്ളാസ്റ്റിക് പെറുക്കിയാല്‍ ദിവസവും 10 -12 രൂപ കിട്ടും. അതേസമയം മാര്‍ച്ച് 14 മുതല്‍ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ഭഗല്‍പൂര്‍ ജില്ലാ ഭരണകൂടം പറയുന്നത്. ഒന്നാം ക്ളാസ്സ് മുതല്‍ അഞ്ചാം ക്ളാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരാള്‍ക്ക് 114.21 വീതവും 6 മുതല്‍ 8 വരെ പഠിക്കുന്നവര്‍ക്ക് 171.17 രൂപയും ഇട്ടിട്ടുണ്ടെന്ന് പറയുന്നു.
എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. അതേസമയം ഈ തുക കുട്ടികളെ പോറ്റാന്‍ തികയാറില്ലെന്ന് ടീച്ചേഴ്സും പറയുന്നു. കുട്ടികള്‍ വരുന്നത് വളരെ ദരിദ്രമായ കുടുംബങ്ങളില്‍ നിന്നുമാണ്. മിക്ക കുട്ടികളും സ്കൂളില്‍ വരുന്നത് തന്നെ ഉച്ചഭക്ഷണത്തെ കരുതിയാണെന്നും അദ്ധ്യാപകര്‍ പറയുന്നു. അതിനിടയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് മറുപടി ആവശ്യപ്പെട്ട് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി പറയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം ഒന്നു മുതല്‍ 5 വരെയുള്ള കുട്ടികള്‍ക്ക് 358 രൂപയും 6 മുതല്‍ 8 വരെയുള്ള കുട്ടികള്‍ക്ക് 536 രൂപയും ആക്കി പുതിയ സര്‍ക്കുലര്‍ ബീഹാര്‍ ഇറക്കിയത്.






