
ഇന്ത്യയിൽ എംജിയുടെ മൂന്നാമത്തെ വാഹനം ഹെക്ടർ പ്ലസ് വിപണിയിൽ. 13.48 ലക്ഷം മുതല്‍ 18.53 ലക്ഷം വരെയാണ് നാലു മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ഷോറൂം വില. ഹെക്ടറിന്റെ 6 സീറ്റ് വകഭേദം എംജി പുറത്തിറക്കിയത് എംജിയുടെ ഇന്ത്യയിലെ ആദ്യ വാഹനം ഹെക്ടറിന്റെ ഒന്നാം വാർഷികദിനത്തിലാണെന്ന് പ്രത്യേകതയുണ്ട്.
എംജി വാഹനത്തിന്റെ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു. 50000 രൂപ നൽകിയാൽ ഓൺലൈനായി എംജിയുടെ ആറ് സീറ്റർ വാഹനം ബുക്ക് ചെയ്യാം. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ വകഭേദങ്ങളിലായി പെട്രോൾ, ഹൈബ്രിഡ്, ഡീസൽ എൻജിനുകളിലാണ് പുതിയ വാഹനം ലഭിക്കുന്നത്. അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ അടങ്ങുന്ന എംജി ഷീൽഡ് സംരക്ഷണവും എംജി നൽകുന്നുണ്ട്.
കറുപ്പ് നിറത്തിലുള്ള മുൻവശത്തെ ഗ്രിൽ, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്ലാംപുകൾ, ഫോഗ് ലാംപ് ക്ലസ്റ്റർ, കട്ടി കൂടിയ എൽഇഡി ഡിആർഎൽ ലാംപുകൾ, പുതിയ ഡിസൈനിലുള്ള ബമ്പർ, എന്നിവയാണ് രൂപത്തിൽ ഹെക്ടർ പ്ലസിനെ പഴയ ഹെക്ടറിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മൂന്നു വരികളിലായി സീറ്റുകൾ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടർ പ്ലസിൽ പരമാവധി 6 സീറ്റുകളാണുള്ളത്. 6 സീറ്റ് വാഹനത്തിന് നടുവിൽ 2 ക്യാപ്റ്റൻ സീറ്റുകളാണ്. ഹെക്ടറിൽ ഉപയോഗിച്ചിരിക്കുന്ന അതേ എൻജിൻ തന്നെയാണ് ഹെക്ടർ പ്ലസിലും ഉണ്ടാവുക.






