
ജർമൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ എ7 സ്പോർട്ട്ബാക്കിന്റെ പെർഫോമൻസ് സഹോദരനായ ആർഎസ്7 സ്പോർട്ട്ബാക്ക് ഇന്ത്യയിൽ എത്തി. പെർഫോമൻസ് കാറുകൾ ആണ് ആർഎസ് ശ്രേണിയിൽ വില്പനക്കെത്തുക. ഇന്ത്യയിൽ എല്ലാം മോഡലുകളും അവതരിപ്പിച്ചിട്ടില്ല എങ്കിലും ഏറെക്കുറെ എല്ലാ ഓഡി മോഡലുകളുടെയും ആർഎസ് പതിപ്പ് ആഗോള വിപണിയിലുണ്ട്.
1.94 കോടിയാണ് 2020 ഓഡി ആർഎസ്7 സ്പോർട്ട്ബാക്കിൻ്റെ എക്സ്-ഷോറൂം വില. 2020 ഓഡി ആർഎസ്7 സ്പോർട്ട്ബാക്ക് നാല് ഡോർ കൂപെ മോഡൽ ആയ രണ്ടാം തലമുറ എ7-ന്റെ സ്പോർട്ടി അവതാരം ആണ്. അഞ്ച് മാറ്റ് ഫിനിഷുകൾ അടക്കം 13 നിറങ്ങളിൽ ആണ് പുത്തൻ ആർഎസ്7 സ്പോർട്ട്ബാക്ക് എത്തുന്നത്.
4.0 ലിറ്റർ, ട്വിൻ-ടർബോ പെട്രോൾ V8 എൻജിൻ ആണ് പുത്തൻ ആർഎസ്7 സ്പോർട്ട്ബാക്കിന്റെ ഹൃദയം. 591 ബിഎച്പി പവറും 800 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഈ എൻജിൻ ബന്ധിപ്പിക്കും. ക്വഡ്രോ ഫോർ വീൽ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ എത്തും. ആർഎസ്7 സ്പോർട്ട്ബാക്കിനെ 3.6 സെക്കന്റിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത മറികടക്കാൻ പ്രാപ്തനാക്കും. 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും, സിലിണ്ടർ-ഓൺ-ഡിമാൻഡ് (COD) സംവിധാനവും ഈ എൻജിനൊപ്പമുണ്ട്.
705W ബാംഗ് & ഓഫുൽസൺ 16 സ്പീക്കർ സ്റ്റീരിയോ, പേൾ നാപ്പാ ലെതറിൽ തീർത്ത ആർഎസ് സ്പോർട്ട് സീറ്റ്, പാന്റൊമിക് സൺറൂഫ് എന്നിവ 2020 ഓഡി ആർഎസ്7 സ്പോർട്ട്ബാക്കിനെ കൂടുതൽ ആകർഷകമാക്കുന്നു. ആർഎസ് ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ, പാഡിൽ ഷിഫ്റ്റർ, ഡ്യുവൽ ടച്സ്ക്രീൻ സെറ്റപ്പുള്ള വിർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്സ് അപ് ഡിസ്പ്ലേ, അലൂമിനിയം പെഡൽ, അൽക്കൻറ്റാര ലെതർ അപ്ഹോൾസ്റ്ററി എന്നിവ ഇന്റീരിയറിൽ ഒരുങ്ങുന്നു.






