
പുതിയ ഡിസൈനിലും ആശയത്തിലുമൊക്കെ നിര്‍മ്മിക്കുന്ന വീടുകളുടെ ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുന്നത് ഭീമന് ഡി എസ് എല്‍ ആര് ക്യാമറയോട് സാമ്യമുള്ള പുതുതായി നിര്‍മ്മിച്ച വീടാണ്. കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയിലെ 'ക്ലിക്ക്' എന്ന വീടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
'ക്ലിക്ക്' എന്നാണ് വീടിന് പേരിട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫറായ രവിയുടേയും കൃപ ഹോങ്കലിന്റെയും ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത പാഷനാണ് ഈ വീടെന്ന് പറയാം. ക്യാമറ ബ്രാന്‍ഡുകളുടെ പേരാണ് ഇവര്‍ മൂന്ന് മക്കള്‍ക്കും നല്‍കിയിരിക്കുന്നത് - കനോണ്‍ എപ്സണ്, നിക്കോണ്‍. വീട് വെച്ചപ്പോള്‍ ഇവര്‍ തങ്ങളുടെ വീടിന്റെ രൂപത്തിലും ഭാവത്തിലും ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം പ്രതിഫലിപ്പിച്ചു. മൂന്ന് നിലകളിലാണ് ക്ലിക്ക് എന്ന വീട് നിര്‍മ്മിച്ചിക്കുന്നത്.
ഒരു കാമറയുടെ എല്ലാ ഫീച്ചേഴ്സും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ക്ലിക്ക് എന്ന വീട് നിര്‍മ്മിച്ചിരിക്കുന്നത്. മറ്റൊരു ലോകത്ത് കാമറയ്ക്കുള്ളില്‍ കഴിയുന്നത് പോലെയാണ് തങ്ങള്‍ ഇവിടെ ജീവിക്കുന്നതെന്നാണ് രവിയും കൃപ ഹോങ്കലും പറയുന്നത്. ക്യാമറ പോലെ, കെട്ടിടത്തിന് വ്യൂഫൈന്‍ഡറിന്റെ ആകൃതിയിലുള്ള ഗ്ലാസ് വിന്‍ഡോയും ലെന്‍സും ഉണ്ട്. വിശാലമായ ഫിലിം സ്ട്രിപ്പ്, ഒരു ഫ്ലാഷ്, മെമ്മറി കാര്‍ഡ് എന്നിവയും ഈ വീട്ടിലുണ്ട്. വീടിന്റെ ചുവരുകളിലും ഇന്റീരിയറിലും ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട ഗ്രാഫിക്സ് കാണാം. ക്യാമറ പോലൊരു വീട് പണിയുക എന്നത് തങ്ങളുടെ സ്വപ്നമായിരുന്നുവെന്നും അതിനായി തങ്ങളുടെ പഴയ വീട് വില്‍ക്കേണ്ടി വന്നുവെന്നും രവിയും കൃപ ഹോങ്കലും പറയുന്നു.






