
കാസര്‍കോട് : എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ തെളിവെടുപ്പിനിടെ കസബ തുറമുഖത്ത് പൊലീസിനെ വെട്ടിച്ച് കൈവിലങ്ങോടെ കടലില്‍ ചാടിയ യുവാവിനെ ഇനിയും കണ്ടെത്തിയില്ല. പൊലീസും കടല്‍ രക്ഷാ സേനയുമാണ് തെരച്ചില്‍ തുടരുകയാണ്.
ടൈല്‍സ് തൊഴിലാളി കുഡ്ലു കാളിയങ്കാട് സ്വദേശി കെ.മഹേഷാണ് കാസര്‍കോട് കസബ തുറമുഖം പുലിമുട്ടില്‍ നിന്നു കടലിലേക്ക് ചാടിയത്. യുവാവ് കടലില്‍ ചാടിയ പുലിമുട്ടില്‍ പൊലീസ് കണ്ട്രോള് റൂം നേതൃത്വത്തില്‍ 6 പൊലീസുകാര്‍ രാപകല്‍ കാവല്‍ ഉണ്ട്.
ഇന്നലെ ബേക്കല്‍ കോട്ട മുതല്‍ കുമ്പള വരെ പല തവണകളായി യാത്ര ചെയ്തുവെങ്കിലും കണ്ടെത്താനായില്ല. മത്സ്യബന്ധനത്തിന് ലോക്ഡൗണ്‍ ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇല്ലാത്തത് തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായരുടെ മേല്‍ നോട്ടത്തില്‍ ഇരുപതിലേറെ സേനാംഗങ്ങളാണ് നാലു ബോട്ടുകളിലായി തിരച്ചില്‍ നടത്തുന്നത്.
പെണ്‍കുട്ടിയുടെ ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പുലിമുട്ടിലെ കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ട് എന്ന മൊഴി പ്രകാരം ആയിരുന്നു കേസ് അന്വേഷിച്ച കാസര്‍കോട് ടൗണ്‍ പൊലീസ് എസ്ഐമാരും സംഘവും ഇവിടെ യുവാവുമായി തെളിവെടുപ്പിന് എത്തിയത്. ഫോണ്‍ എടുക്കാനെന്ന നിലയില്‍ പോകുന്നതിനിടെയാണ് യുവാവ് കൈവിലങ്ങോടെ കടലില്‍ ചാടിയത്.






