
ലോട്ടറിയടിച്ച തുകയുടെ പകുതി സുഹൃത്തിന് നല്കി വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വാഗ്ദാനം നിറവേറ്റി ടോം കുക്ക് എന്ന അമേരിക്കക്കാരന്. വിസ്കോണ്‍സിന്‍ ലോട്ടറിയുടെ ജാക്പോട്ട് സമ്മാനമായ 22 മില്യന്‍ ഡോളറിന്റെ (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 164 കോടി) പകുതിയാണ് കുക്ക് സുഹൃത്ത് ജോ ഫീനിയുമായി പങ്കുവച്ചത്.
ഈ സുഹൃത്തുക്കളുടെ കഥ വിസ്കോണ്‍സിന്‍ ലോട്ടറി യുട്യൂബ് വിഡിയോയിലൂടെയാണ് പുറത്തുവിട്ടത്.
വര്‍ഷങ്ങളായി ലോട്ടറിയെടുക്കുന്നവരാണ് ഇരുവരും. എന്നെങ്കിലും ലോട്ടറിയടിച്ചാല്‍ തുക തുല്യമായി പങ്കുവയ്ക്കുമെന്ന് ഒരിക്കല്‍ വാക്ക് നല്‍കുകയായിരുന്നു. കൃത്യമായ തീയതി ഓര്‍മയില്ലെങ്കിലും ഏകദേശം 20 വര്‍ഷം മുമ്പ് 1992 ല്‍ ആയിരുന്നു അതെന്ന് കുക്ക് പറയുന്നു. പിന്നീട് എല്ലാ ആഴ്ചയും ഇരുവരും ടിക്കറ്റ് എടുക്കാന്‍ തുടങ്ങി.
2020 ജൂണ്‍ 10 ലെ ഫലം പരിശോധിച്ചപ്പോഴാണ് 22 മില്യന്‍ തനിക്കാണെന്ന് കുക്ക് മനസ്സിലാക്കിയത്. പിന്നെ ഒട്ടും വൈകാതെ സമ്മാനം കിട്ടിയ വിവരവും അതു പങ്കുവയ്ക്കാമെന്നും ഫീനിയെ വിളിച്ച് അറിയിച്ചു.വിസ്കോണ്‍സിന്‍ ലോട്ടറിയുടെ അഭിമുഖത്തില്‍ സമ്മാനത്തുക പകുത്ത് നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'വാക്ക് വാക്കായിരിക്കണം' എന്നായിരുന്നു കുക്കിന്റെ മറുപടി. അന്ന് വാഗ്ദാനം നല്കി കൈകൊടുത്തപ്പോള്‍ ഇത്ര വലിയ തുകയുടെ ഉടമ്പടിയാകുമെന്നു കരുതിയില്ലെന്ന് ഫീനിയും പ്രതികരിച്ചു.
നികുതി കിഴിച്ച് 5.7 മില്യന്‍ വീതമാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. 20 വര്‍ഷം മുമ്പുള്ള വാക്ക് പാലിച്ച ഇവരുടെ സൗഹൃദം വലിയ വാര്‍ത്ത പ്രാധാന്യമാണ് നേടിയിരിക്കുന്നത്.






