
പ്രായം ഏറെയുണ്ടെങ്കിലും ഇപ്പോഴും സ്വയം അധ്വാനിച്ച് ജീവിക്കുന്നതില്‍ ഒരു മടിയും കാട്ടാത്ത ആളാണ് കണ്ണൂര്‍ ചെമ്പേരി ചളിമ്പറമ്പ് വെള്ളാരംകാലായില്‍ ജാനകിയമ്മ. ചെങ്കല്‍ പണികള്‍ക്ക് പേരുകേട്ട പ്രദേശമായ ചെമ്പേരിയിലെ ഈ എണ്‍പത്തിമൂന്നുകാരി എണ്‍പതാണ്ട് മുമ്പാണ് എറണാകുളത്തെ ചോറ്റാനിക്കരയില്‍ നിന്ന് ഇവിടേക്ക് എത്തിയത്.
ചെമ്പേരിയില്‍ മൂന്നു സെന്റിലെ കുടിലിനു മുന്നില്‍ ആലയിട്ട് ജാനകിയമ്മയുടെ അച്ഛന് കുടുംബം പോറ്റി. എന്നാല്‍ ഒരു പനി വന്നു പിതാവ് മരിച്ചതോടെ ജാനകിയമ്മയും അവരുടെ അമ്മയും തനിച്ചായി. ചോറ്റാനിക്കരയ്ക്ക് മടങ്ങാനുള്ള അമ്മയുടെ ആലോചന കുഞ്ഞുജാനകി സമ്മതിച്ചില്ല. ആലയുടെ ഉത്തരവാദിത്വം ജാനകിയമ്മ സ്വയം ഏറ്റെടുത്തു. പതിനെട്ടാം വയസില്‍ വിവാഹം. മൂന്ന് പെണ്ണും ഒരു ആണും. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് നിത്യരോഗിയായതോടെ ജാനകി ആലയില്‍ വിയര്‍പ്പൊഴുക്കി കിട്ടുന്നതായി ആകെ വരുമാനം.
ഭര്‍ത്താവിന്റെ മരണശേഷം പെണ്മക്കളെ കെട്ടിച്ചുവിട്ടു. മകന് ഷാജിക്കൊപ്പമാണ് ഇപ്പോള്‍ താമസം. വരുമാനം തുച്ഛമായ ആലപ്പണിയില് മക്കള്‍ക്കോ മരുമക്കള്‍ക്കോ താത്പര്യമില്ല. മകന് ഫോട്ടോഗ്രാഫറാണ്. 'കാരിരുമ്പ് കാച്ചി മുട്ടുമ്പോള്‍ വല്ലാത്തൊരു കരുത്ത് തോന്നും. മരണംവരെ ഇപ്പണി വിടില്ല...'. - ജാനകിയമ്മയുടെ വാക്കുകള്‍ക്ക് കാരിരുമ്പിന്റെ ഉറപ്പാണ്. ചെമ്പേരിക്കാര്ക്ക് ഇപ്പോഴും ഇഷ്ടം ജാനകിയമ്മയുടെ പണിത കറിക്കത്തിയും വെട്ടുകത്തിയുമാണ്.






