
ബിഗ് ബോസ് താരവും നടിയുമായ ജയശ്രീ രാമയ്യയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് കഴിഞ്ഞ ദിവസം ആരാധകരെ ആശങ്കയിലാക്കിയത്. തെന്നിന്ത്യന്‍ സിനിമാലോകത്തേയും ആരാധകരേയും ആശങ്കയിലാക്കിയ ജയശ്രീയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു. 'ഞാന്‍ അവസാനിപ്പിക്കുന്നു. ഈ നശിച്ച ലോകത്തോടും വിഷാദത്തോടും വിട !' എന്നായിരുന്നു താരം കുറിച്ചത്.
ഇതോടെ താരത്തിന് എന്താണ് സംഭവിച്ചതെന്ന ചോദ്യവുമായി നിരവധി പേര് രംഗത്തെത്തി. ജയശ്രീ ജീവനൊടുക്കാനൊരുങ്ങുകയാണ് എന്നായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം 'എനിക്കിപ്പോള്‍ കുഴപ്പമില്ല, സുരക്ഷിതമായി ഇരിക്കുന്നു. എല്ലാവരോടും സ്നേഹം..' എന്ന് ജയശ്രീ കുറിച്ചു. പോസ്റ്റ് ചര്‍ച്ചയായതോടെ ജയശ്രീയുടെ സുഹൃത്തും നടിയുമായ അദ്വിതി ഷെട്ടിയും വിശദീകരണവുമായി രംഗത്തെത്തി.
'' വ്യക്തിപരമായ സംഘര്‍ഷങ്ങള്‍ക്കപ്പുറം വിനോദ മേഖലയിലെ തൊഴിലില്ലായ്മ ഈ മേഖലയിലെ പലരെയും വിഷാദത്തിലേക്ക് തള്ളിയിടുന്നുണ്ട്. ജയശ്രീ വിഷാദവുമായി കുറച്ചുകാലങ്ങളായി പോരാടുകയാണ്. കുടുംബ പ്രശ്നങ്ങളുമുണ്ട്. അതിനൊപ്പം കോവിഡ് വന്നതോടെ സിനിമകളും കുറഞ്ഞു. ഇടയ്ക്കിടെ ഫോണ്‍ നമ്പര്‍ മാറ്റുന്നത് കൊണ്ട് ഇപ്പോള്‍ ജയശ്രീ എവിടെയുണ്ടെന്ന് അറിയാന്‍ എളുപ്പമായിരുന്നില്ല.
കുറച്ച് കാലങ്ങളായി അവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വിവരങ്ങളറിയാന്‍ ഞാന്‍ സാമൂഹിക മാധ്യമത്തിലൂടെ സന്ദേശം അയച്ചു. നന്നായി പോകുന്നുവെന്നായിരുന്നു മറുപടി. എന്നാല്‍ ജയശ്രീയുടെ കുറിപ്പ് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. നമ്പര്‍ സംഘടിപ്പിച്ച് തുടര്‍ച്ചയായി വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തു. അവര്‍ കരയുകയായിരുന്നു, സുഖമില്ലെന്നായിരുന്നു മറുപടി. ആരാധകരും സുഹൃത്തുക്കളും ഉള്‍പ്പടെ എല്ലാവരും ആശങ്കയിലാണെന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് ആദ്യത്തെ പോസ്റ്റ് ജയശ്രീ നീക്കം ചെയ്തു.'' അദ്വിതി പറഞ്ഞു.






