
ഫോർഡ് ഫിഗോ മാനുവല്‍ ട്രാന്സ്മിഷനില് മാത്രമാണ് വിപണിയിൽ ഉണ്ടായിരുന്നത്. എന്നാൽ, പുതിയ റിപ്പോർട്ട് പ്രകാരം ഫിഗോയുടെ ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷന് മോഡല്‍ നിരത്തുകളിലെത്താനൊരുങ്ങുന്നു. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്സ്മിഷന് പ്രവര്‍ത്തിക്കുന്നത് ഫിഗോയുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് മോഡലിനൊപ്പമാണ്. ഈ ട്രാന്‍സ്മിഷനാണ് ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവി മോഡലായ ഇക്കോസ്പോര്‍ട്ടിന്റെ ഓട്ടോമാറ്റിക് മോഡലിലും പ്രവര്‍ത്തിക്കുന്നത്. ഈ മോഡല്‍ ഓഗസ്റ്റ് അവസാനത്തോടെ എത്തിയേക്കുമെന്നാണ് സൂചന.
റിപ്പോർട്ട് അനുസരിച്ച് ഫിഗോ ഓട്ടോമാറ്റിക്കില്‍ പാഡില്‍ ഷിഫ്റ്റേഴ്സ് നല്‍കിയേക്കും. ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഫിഗോയിക്ക് ഏകദേശം എട്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയാകുമെന്നാണ് കണക്കാക്കുന്നത്. ഫോര്‍ഡ് ഫിഗോ ഹാച്ച്ബാക്ക് നിരത്തുകളിലെത്തുന്നത് 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ്. പെട്രോള്‍ എന്ജിന് 94.9 ബിഎച്ച്പി പവറും 215 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് രണ്ട് മോഡലിലും ട്രാന്സ്മിഷന്.
ഫിഗോയുടെ പെട്രോള്‍ മോഡലുകള്‍ക്ക് 5.49 ലക്ഷം രൂപ മുതല്‍ 7.05 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 7.16 ലക്ഷം രൂപ മുതല്‍ 8.15 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില. ആംബിയന്റ്, ട്രെന്റ്, ടൈറ്റാനിയം, ടൈറ്റാനിയം ബ്ലു എന്നീ നാല് വേരിയന്റുകളിലാണ് ഫോര്‍ഡ് ഫിഗോ എത്തുന്നത്.






