
ന്യൂഡല്‍ഹി: മണിപ്പൂരില്‍ അസം റൈഫിള്‍സ് സേനയ്ക്കു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മൂന്ന് ജവാന്മാര് കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ- മ്യാന്മര് അതിര്‍ത്തിയില്‍ ചന്ദേല്‍ ജില്ലയിലാണ് ബുധനാഴ്ച രാത്രി പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി (പിഎല്‍എ) എന്നു കരുതുന്ന തീവ്രവാദി സംഘടന ആക്രമണം നടത്തിയത്.
അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി ഖോങ്തലിലാണ് സേനയ്ക്കു നേരെ ആക്രമണമുണ്ടായത്. അതിര്‍ത്തിയില്‍ മൂന്നു ദിവസം നിരീക്ഷണം നടത്തിയ ശേഷം പോസ്റ്റിലേക്ക് മടങ്ങിപ്പോകുന്നതിനിടെയായിരുന്നു ആക്രമണം.
സംഘം സജിക് തംപകില്‍ എത്തിയപ്പോള്‍ ഐഇഡി സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഹല്വിന്ദര് പ്രണയ് കാളിത, റൈഫിള്‍മാന്‍ വൈ.എം കൊന്യക് , റൈഫിള്‍മാന്‍ രത്തന്‍ സലിം എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.






