
സുസുകിയുമായുള്ള സഹകരണത്തിന്റെ ഭാഗമായി ടൊയോട്ട മറ്റൊരു മോഡൽ കൂടെ റീബാഡ്ജിങ് ചെയ്ത് ഉടൻ വില്പനക്കെത്തിക്കും. പിടിഐ റിപ്പോർട്ട് പ്രകാരം മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ കോംപാക്ട് എസ്യുവിയെ റീബാഡ്ജിങ് ചെയ്താണ് ടൊയോട്ടയുടെ പദ്ധതി. ഉടൻ ആരംഭിക്കുന്ന ഉത്സവ സീസണിൽ വില്പനക്കെത്തിച്ചേക്കും.ബലെനോ പ്രീമിയം ഹാച്ച്ബാക്ക് റീബാഡ്ജിങ് ചെയ്ത് ഗ്ലാൻസ എന്ന പേരിൽ മുമ്പ് വില്പനക്കെത്തിച്ചിരുന്നു.
പുത്തൻ കോംപാക്ട് എസ്യുവിയ്ക്ക് അർബൻ ക്രൂയ്സർ എന്നാകും പേര് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടൊയോട്ട ഇതുവരെ പേര് പുറത്ത് വിട്ടിട്ടില്ല . ടൊയോട്ടയുടെ എസ്യുവി ശ്രേണിയിൽ ലാൻഡ് ക്രൂയ്സറും, ലാൻഡ് ക്രൂയ്സർ പ്രാഡോയും പ്രധാന മോഡലുകളാണ്. ഈ മോഡലുകളോട് സാമ്യമുള്ള പേര് എന്നതാണ് അർബൻ ക്രൂയ്സർ എന്ന് പേരിന്റെ പിന്നിലെ രഹസ്യം. ഏപ്രിൽ-മെയ് മാസങ്ങളിലായി അവതരിപ്പിക്കേണ്ടിയിരുന്ന ടൊയോട്ട കോംപാക്ട് എസ്യുവി, കൊറോണ വൈറസ് മൂലമുണ്ടായ പ്രതിസന്ധികളെ തുടർന്നാണ് നീട്ടിവച്ചത്.
7.34 ലക്ഷം മുതൽ 11.40 ലക്ഷം എക്സ്-ഷോറൂം വിലയുള്ള വിറ്റാര ബ്രെസയുടെ അതെ വില ആയിരിക്കും ടൊയോട്ട അർബൻ ക്രൂയ്സറിനും എന്നും ചില റിപ്പോർട്ടുകളുണ്ട്. 6000 അർപിഎമ്മിൽ 103 ബിഎച്ച്പി പവറും 4400 അർപിഎമ്മിൽ 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5-ലിറ്റർ കെ-സീരീസ് പെട്രോൾ എൻജിൻ തന്നെയാണ് ടൊയോട്ട അർബൻ ക്രൂയ്സറിലും ഇടം പിടിക്കുക. 2020 മാരുതി സുസുക്കി വിറ്റാര ബ്രെസയെ ചലിപ്പിക്കുന്നത് ഇതേ എൻജിനാണ്. 5-സ്പീഡ് മാന്വൽ, 4-സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ടാകും. 48V SHVS മൈൽഡ് ഹൈബ്രിഡ് സംവിധാനം 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് മോഡലുകൾക്ക് മാത്രമായിരിക്കും.






