
ടെലഗ്രാം ആപ് പുതിയ മാറ്റങ്ങളുമായി എത്തിയിരിക്കുന്നു. ടെലഗ്രാമിൽ പ്രൊഫെെൽ വീഡിയോയും ഇനി മുതൽ അപ്ലോഡ് ചെയ്യാം. പ്രൊഫെെൽ ചിത്രം മാത്രമേ നിലവിൽ അപ്ലോഡ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ.
പുതിയ മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ഇറക്കിയ പത്രകുറിപ്പിലൂടെയാണ് ടെലഗ്രാം വ്യക്തമാക്കിയത്. ഇതിന്റെ അപ്ഡേറ്റ് ഇപ്പോള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇപ്പോഴുള്ള അപ്ഡേറ്റിൽ പുതിയ ഫൊട്ടോ എഡിറ്റിങ് ഫീച്ചേഴ്സും ലഭ്യമാണ്. പുതിയ അപ്ഡേറ്റിൽ ഫൊട്ടോ ഷെയർ ചെയ്യും മുൻപ് എഡിറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഉള്ളത്.
ഇതുവരെ ടെലഗ്രാം വഴി അയക്കാവുന്ന ഫയലുകളുടെ പരമാവധി വലിപ്പം 1.5 ജിബി ആയിരുന്നു എന്നാൽ പുതിയ അപ്ഡേറ്റിൽ രണ്ട് ജിബിയായി ഉയർത്തിയിട്ടുണ്ട്. ഒപ്പം ടെലഗ്രാം ''പീപ്പിള്‍ നിയര്‍ ബൈ'' എന്ന ഫീച്ചറും പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. ഇതുവഴി കോൺടാക്ട് ലിസ്റ്റിലുള്ളവരല്ലാതെ മറ്റുള്ളവരോടും ചാറ്റ് ചെയ്യാമെന്നാണ് റിപ്പോർട്ട്.






