
കഴിഞ്ഞ ദിവസം ധന്യ മേരി വർഗീസ് ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ‘കായംകുളം കൊച്ചുണ്ണി’യിൽ മോഹൻലാലിന്റെ ഒരുകാലിൽ നിന്നുകൊണ്ടുള്ള പോസ് റീക്രീയേറ്റ് ചെയ്തുള്ള തകർപ്പൻ പോസ്. ധന്യയുടെ ‘ലാലേട്ടൻ സ്റ്റൈൽ’ ചുരുങ്ങിയ സമയത്തിനിടെ സോഷ്യൽ മീഡിയയുടെ മനം കവർന്നു. ഒരുപടി കൂടി കടന്ന് ചിലർ ‘ലേഡി ലാലേട്ടൻ’ എന്ന വിശേഷണവും നൽകിയതോടെ സംഭവം വൈറലായി.
പെട്ടെന്നെന്താ ഒരു ലാലേട്ടൻ ഹാങ് ഓവർ എന്ന ചോദ്യത്തിന് ധന്യയുടെ മറുപടി ഇങ്ങനെ: ‘‘സോഷ്യൽ മീഡിയയിലെ ഒരു ഹാഷ്ടാഗ് ചലഞ്ചിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ചിത്രമാണ് അത്. ചലഞ്ചിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഷെയർ ചെയ്യണം എന്നായിരുന്നു. ജോണിന്റെ ഐഡിയയാണ് ഈ പടം മതി എന്നത്. സത്യത്തിൽ പടം പോസ്റ്റ് ചെയ്ത് കഴിഞ്ഞു വന്ന കമന്റുകളിൽ നിന്നാണ് കായംകുളം കൊച്ചുണ്ണിയിലെ ലാലേട്ടന്റെ സ്റ്റൈലുമായി ചിത്രത്തിന് സാമ്യമുണ്ടല്ലോ എന്ന് ഞങ്ങൾ ചിന്തിച്ചത്’’.
‘ലേഡി ലാലേട്ടൻ’ ചിത്രത്തിനു പിന്നിലെ കഥ ധന്യ ഒരു മാധ്യമത്തിനോട് പറഞ്ഞതിങ്ങനെ, ‘‘പണ്ടു മുതൽ യോഗ ചെയ്യാറുണ്ട്. കോളജിൽ പഠിക്കുമ്പോൾ യോഗ ചാമ്പ്യനായിരുന്നു. അതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വഴക്കം ശരീരത്തിനുണ്ട്. അതാണ് ഫോട്ടോയിൽ കാണുന്നത്. ചിത്രം കണ്ട് എല്ലാവരും അഭിനന്ദിച്ചു. പോസിറ്റീവ് കമന്റുകളാണ് കൂടുതൽ. അത് വലിയ ഊർജം തരുന്നുണ്ട്’’. – ധന്യ പറയുന്നു.






