
മാഡ്രിഡ്: നിലവിലെ ചാമ്പ്യന്‍ സ്പെയിന്റെ റാഫേല്‍ നദാല്‍ യു.എസ്. ഓപ്പണ്‍ ടെന്നീസ് ഗ്രാന്സ്ലാം ടൂര്‍ണമെന്റില്‍നിന്നു പിന്മാറി. കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു നദാലിന്റെ പിന്മാറ്റം. ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ 13 വരെയാണു യു.എസ്. ഓപ്പണ്‍ നടത്തുന്നത്. എല്ലാവിധ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ടൂര്‍ണമെന്റെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ ആവര്‍ത്തിച്ചു പ്രസ്താവിച്ചെങ്കിലും കോവിഡ് കാലത്തു യാത്ര ചെയ്യാനില്ലെന്നാണു നദാലിന്റെ നിലപാട്.
ഈ തീരുമാനം ഒരിക്കലും എടുക്കേണ്ടി വരുമെന്നു കരുതിയില്ല. ഹൃദയം മന്ത്രിക്കുന്നതു യാത്ര വേണ്ടെന്നാണെന്നും ലോക രണ്ടാം റാങ്കുകാരനായ നദാല്‍ ട്വീറ്റ് ചെയ്തു. പരുക്കില്‍നിന്നു പൂര്‍ണ മോചനം തേടാന്‍ വേണ്ടി നദാലിന്റെ പ്രധാന എതിരാളി സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ഈ സീസണില്‍നിന്നു തന്നെ വിട്ടുനില്‍ക്കുകയാണ്.
നദാലും ഫെഡററുമില്ലെങ്കിലും ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച്, ഡൊമിനിക് തീം, ഡാനില്‍ മെദ്വദേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവര്‍ യു.എസ്. ഓപ്പണില്‍ കളിക്കുമെന്നാണു പ്രതീക്ഷ.
ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്ലി ബാര്‍ട്ടിയും യു.എസ്. ഓപ്പണിനില്ലെന്നാണു സൂചന. സിമോണ ഹാലപ്പ്, മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് തുടങ്ങിയവര്‍ വനിതാ വിഭാഗത്തില്‍ കളിക്കും. കോവിഡ് വ്യാപനത്തിനു ശേഷം നടക്കുന്ന ആദ്യ ഗ്രാന്സ്ലാം ടുര്ണമെന്റാണ് യു.എസ്. ഓപ്പണ്‍. കോവിഡിനെ കൂടാതെ പുതുക്കിയ മത്സര ക്രമവും നദാലിനെ യു.എസ്. ഓപ്പണില്‍നിന്നു വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചു. യു.എസ്. ഓപ്പണ്‍ അവസാനിച്ച് രണ്ടാഴ്ച കഴിയും മുമ്പ് ഫ്രഞ്ച് ഓപ്പണിനു തുടക്കമാകും. പുതുക്കിയ മത്സര പട്ടികയെ കാടത്തമെന്നാണു നദാല്‍ വിശേഷിപ്പിച്ചത്.
ടെന്നീസ് റാക്കറ്റെടുത്തിട്ടു നാലു മാസമായി അതുകൊണ്ടു തന്നെ തുടരെ മത്സരങ്ങള്‍ നടത്തുന്നത് അനുചിതമാണെന്നും നദാല്‍ വിമര്‍ശിച്ചു. യു.എസ്. ഓപ്പണിനു മുന്നോടിയായുള്ള എ.ടി.പി./ ഡബ്ല്യു.ടി.എ. വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണ്‍ തീയതികള്‍ പ്രഖ്യാപിച്ചതോടെ നദാല്‍ വിമത സ്വരമുയര്‍ത്തി. പതിവായി സിന്‍സിനാറ്റിയില്‍ നടത്തിയിരുന്ന ഓപ്പണ്‍ ന്യൂയോര്‍ക്കിലേക്കു മാറ്റുകയും ചെയ്തു.
മതിയായ സുരക്ഷയില്ലാതെ യു.എസ്. ഓപ്പണില്‍ കളിക്കില്ലെന്നു ജൂണില്‍ തന്നെ നദാല്‍ വ്യക്തമാക്കിയിരുന്നു.
നദാലും ഫെഡററും കളിക്കാത്ത സാഹചര്യത്തില്‍ ജോക്കോവിച്ചിന്റെ കിരീട സാധ്യത വര്‍ധിച്ചു. മൂന്നുവട്ടം യു.എസ്. ഓപ്പണ്‍ ചാമ്പ്യനായ ജോക്കോവിച്ചിനെ 18- ഗ്രാന്സ്ലാം കിരീടമെന്ന നേട്ടമാണു കാത്തിരിക്കുന്നത്.
വനിതകളില്‍ സെറീന വില്യംസും റെക്കോഡ് നേട്ടത്തിനുള്ള കാത്തിരിപ്പിലാണ്. ഏഴാം തവണയും യു.എസ്. ഓപ്പണില്‍ മുത്തമിടുന്നതു കൂടാതെ കരിയറില്‍ 24 ഗ്രാന്സ്ലാം കിരീടങ്ങളെന്ന റെക്കോഡും സെറീനയ്ക്കു നേടാം. ഇന്ത്യന്‍ താരം സുമിത് നഗാലിന് യു.എസ്. ഓപ്പണ്‍ മെയിന്‍ ഡ്രോയില്‍ ഇടംലഭിച്ചു. ലോക റാങ്കിംഗില്‍ 127-ാം സ്ഥാനക്കാരനാണു നഗാല്‍. മെയിന്‍ ഡ്രോയില്‍ 128 താരങ്ങള്‍ക്കാണ് ഇടം ലഭിക്കുക.






