
ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമ്മാതാക്കൾ ആയ ട്രയംഫ് മോട്ടോർസൈക്കിൾസിൻ്റെ പുത്തൻ ബൈക്ക് ലോഞ്ച് പരമ്പര അവസാനിച്ചിട്ടില്ല. സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ് മോഡലിന് ഒരു കുഞ്ഞനിയനെയും അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ട്രയംഫ് മോട്ടോർസൈക്കിൾസ്.
2020 സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ്സിന്റെ വില ലോഞ്ച് ചെയ്ത് 3 മാസത്തിനുള്ളിൽ ട്രയംഫ് കൂട്ടിയിരുന്നു. 11.13 ലക്ഷം വിലയുണ്ടായിരുന്ന 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർഎസ്സിന് ഇപ്പോൾ 11.15 ലക്ഷം ആണ് എക്സ്-ഷോറൂം വില. സ്ട്രീറ്റ് ട്രിപ്പിൾ ഒരൽപം കൂടെ വിലക്കുറവുള്ള മോഡൽ ഈ മാസം 11-ന് സ്ട്രീറ്റ് ട്രിപ്പിൾ ആർ മോഡലിനെ ട്രയംഫ് അവതരിപ്പിക്കുന്നത്. സ്ട്രീറ്റ് ട്രിപ്പിൾ ആറിന് ഏകദേശം 9.5 ലക്ഷത്തിനടുത്ത് എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം.
സ്ട്രീറ്റ് ട്രിപ്പിൾ ആറിന്റെ സ്ഥാനം ഇന്ത്യയിൽ വില്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിൾ എസ്സിനും കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ആർഎസ്സിനും ഇടയിലാണ്. ആർഎസ് മോഡലിനേക്കാൾ രണ്ട് റൈഡിങ് മോഡുകൾ ആർ മോഡലിൽ കുറവാണ്. മാത്രമല്ല ടിഎഫ്ടി ഡാഷ്ബോർഡ് പോലുള്ള ആർഎസ്സിലെ ചില ഫീച്ചറുകൾ ഒഴിവാക്കിയാണ് സ്ട്രീറ്റ് ട്രിപ്പിൾ ആറിന്റെ വരവ്. മുൻപിൽ ബ്രെമ്പോ M4.32 ബ്രെയ്ക്ക് കാലിഫറുകൾ, അപ്പ്-ഡൗൺ ക്വിക്ക്ഷിഫ്റ്റർ, പൂർണമായും അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോവ സസ്പെൻഷൻ, പിറെല്ലി ഡയാബ്ലോ റോസ്സോ III ടയറുകൾ തുടങ്ങിയ പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ പ്രധാന ഫീച്ചറുകൾ ആർ മോഡലിലും ഒരുങ്ങുന്നുണ്ട്. ആർഎസ് മോഡലിലെ 765 സിസി എൻജിൻ തന്നെയാണ് പുത്തൻ സ്ട്രീറ്റ് ട്രിപ്പിൾ ആർ മോഡലിലും.






