
ഈ ആഴ്ചയിലാണ് ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സല്‍ സ്മാര്‍ട്ഫോണായ പിക്സല്‍ 4എ പുറത്തിറക്കിയത്. അധികം വൈകാതെ പിക്സല്‍ 5 സ്മാര്‍ട്ഫോണും പിക്സല്‍ 4എ ഫോണിന്റെ 5ജി പതിപ്പും എത്തുമെന്നും ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ ഈ വര്‍ഷം പുറത്തിറക്കാന്‍ പോവുന്ന ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണ്‍ ആണ് പിക്സല്‍ 5 എന്നാണ് സൂചന. സവിശേഷമായ ഒരുപിടി ഫീച്ചറുകളുമായി ആയിരിക്കും പിക്സല്‍ 5 എത്തുക എന്നാണ് വിവരം.
ഗൂഗിള്‍ ഫ്രാന്‍സിന്റെ ഒരു ബ്ലോഗ് പോസ്റ്റില്‍ നിന്നുള്ള വിവരം അനുസരിച്ച് ഈ രണ്ട് ഫോണുകളുടെയും പ്രീ ഓര്‍ഡര്‍ ഒക്ടോബര്‍ എട്ടിന് ആരംഭിക്കും . അതായത് ഒക്ടോബറിന് മുമ്പായി തന്നെ ഫോണ്‍ അവതരിപ്പിച്ചേക്കും. 9ടു5 ഗൂഗിള്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം മാക്സിം (@monog0n) എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ പോസ്റ്റ് കണ്ടെത്തിയത്.
പുതിയ നെസ്റ്റ് സ്മാര്‍ട് സ്പീക്കര്‍, പുതിയ ക്രോംകാസ്റ്റ് ഉപകരണം എന്നിവയും പിക്സല്‍ 5, പിക്സല്‍ 4എ 5ജി എന്നിവയ്ക്കൊപ്പം ഗൂഗിള്‍ പുറത്തിറക്കിയേക്കും. ഒക്ടോബര്‍ മാസത്തില്‍ ഗൂഗിളിന്റെ വാര്‍ഷിക ഹാര്‍ഡ് വെയര്‍ പരിപാടി കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കാറുണ്ട്. ഈ വര്‍ഷവും ഇത് നടന്നക്കും. ഈ പരിപാടിയില്‍ വെച്ച് പുതിയ പ്രഖ്യാപനങ്ങള്‍ കമ്പനി നടത്തുമെന്നാണ് റിപ്പോർട്ട്






