
ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന ഇരട്ടസ്ഫോടനത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട സന്തോഷത്തിലാണ് ഇസ്ര സെബ്ലാനി എന്ന 29-കാരി. ജീവിതത്തിലെ ഏറ്റവും മനോഹരമായ വേഷമായ വിവാഹ വേഷത്തിലായിരുന്നു ഇസ്ര അപകടം നടക്കുമ്പോള്‍. നീളന്‍ വൈറ്റ് ഗൗണ്‍ വേഷത്തില്‍ വിവാഹത്തിന് തയ്യാറായി നില്‍ക്കുമ്പോഴാണ് കാതടിപ്പിക്കുന്ന ഭീതി ജനിപ്പിക്കുന്നതുമായ വലിയ ശബ്ദം കേള്‍ക്കുന്നത്. ശബ്ദത്തിനൊപ്പമുണ്ടായ ആഘാതത്തില്‍ ഇസ്ര നില്ക്കുന്നിടത്തു തന്നെ തെറിച്ചു പോയി.
തന്റെ വിവാഹ സമയമാണ് കടന്നു പോകുന്നതെന്ന് അറിയാമായിരുന്നങ്കിലും അപ്പോള്‍ തന്നെ അമേരിക്കയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന ഇസ്ര തന്റെ ജോലി ഏറ്റെടുത്തു പരിക്കേറ്റവരെ ശുശ്രൂഷിക്കാന്‍ തുടങ്ങി. ബെയ്റൂട്ടില്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന അഹമ്മദ് സുബെ ആയിരുന്നു ഇസ്രയുടെ വരന്. സ്ഫോടനം നടന്നപ്പോള്‍ താന്‍ മരിക്കാന്‍ പോകുകയാണെന്ന് തന്നെയാണ് ഇസ്ര കരുതിയിരുന്നത്. സ്ഫോടനത്തില്‍ ഇസ്രയ്ക്കു പിന്നില്‍ ഹോട്ടലിലെ ജനാലച്ചില്ലുകള്‍ തകര്‍ന്നു വീണു. വിവാഹത്തിനു വേണ്ടി ഒരുക്കിവച്ചിരുന്ന പൂക്കളും ബൊക്കെകളുമൊക്കെ ചാരമായി മാറി.
സ്ഫോടനത്തില്‍ മരിച്ചവരെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും അറിഞ്ഞപ്പോള്‍ ദൈവമേ ഞങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ആശ്വാസ സുബെയ്ക്കും ഇസ്രയ്ക്കും. '' ആഘോഷം അവസാനിപ്പിക്കേണ്ടതില്ലെന്നും തുടരാമെന്നുമായിരുന്നു സുബെയുടെ തീരുമാനം. അതദ്ദേഹം എന്നോടും പറഞ്ഞു. വേറെയൊരു ലോകത്ത് എന്നപോലെയായിരുന്നു അപ്പോള്‍ ഞാന്‍. എന്റെ ചുണ്ടുകളില്‍ ചിരിയുണ്ടായിരുന്നു. മുഖം പ്രകാശിച്ചിരുന്നു. എന്നാല്‍ മനസ്സ് മുഴുവന്‍ അഗ്നിഗോളം പോലെ വേദനയും. അതിനു ശേഷം ഞങ്ങള്‍ അത്താഴം കഴിക്കാന്‍ പോയി'' - ഇസ്ര പറയുന്നു. ബെയ്റൂട്ടില്‍ നടന്ന ഇരട്ടസ്ഫോടനത്തില്‍ 135 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 5,000ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.






