
എക്സ്യുവി 300-ന്റെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ചിരിക്കുകയാണ് മഹീന്ദ്ര. റിപ്പോർട്ട് പ്രകാരം 70,000 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. മഹീന്ദ്രയുടെ എക്സ്യുവി 300 ഇന്ത്യയിലെ കോംപാക്ട് എസ്യുവി ശ്രേണയിലെ കരുത്തന് സാന്നിധ്യമാണ്. വാഹനങ്ങളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഈ ശ്രേണിയിലുണ്ടായിരിക്കുന്ന മത്സരത്തെ അതിജീവിക്കുന്നതിനായിആണ് എക്സ്യുവി 300-ന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്.
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 7.95 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ വില ആരംഭിക്കുന്നത്. എക്സ്യുവി 300-ന്റെ വില മുമ്പ് 8.30 ലക്ഷം രൂപയിലായിരുന്നു ആരംഭിച്ചിരുന്നത്. അടിസ്ഥാന മോഡലായ W4-ന്റെ പെട്രോള്‍ മോഡലിന് 35,000 രൂപയും W6 വേരിയന്റിന് 17,000 രൂപയുമാണ് വില കുറച്ചിരിക്കുന്നത്.
കൂടുതല്‍ വില കുറഞ്ഞിരിക്കുന്നത് ഉയര്‍ന്ന വേരിയന്റായ W8-നാണ്. ഈ വേരിയന്റിലെ പെട്രോള്‍ മോഡലിന് 70,000 രൂപയും ഡീസല്‍ മോഡലിന് 20,000 രൂപയുമാണ് കുറച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം W8 എഎംടി, W8(O) എഎംടി എന്നീ വേരിയന്റുകള്‍ക്ക് യഥാക്രമം 20,000, 39,000 രൂപ കുറച്ചിട്ടുണ്ട്. ചില വേരിയന്റുകളുടെ വില ഉയര്ത്തിയിട്ടുമുണ്ടെന്നാണ് സൂചന. എക്സ്യുവി 300-ന്റെ അടിസ്ഥാന മോഡലിന്റെ ഡീസല്‍ പതിപ്പിന് 1000 രൂപ ഉയര്‍ത്തിയിട്ടുണ്ട്. W6 ഡീസല്‍ വേരിയിന്റിന് 20,000 രൂപയും W6 ഡീസല്‍ എഎംടി വേരിയന്റിന് 21,000 രൂപയുമാണ് വില വർധിപ്പിച്ചത്.
ഈ വാഹനത്തിന് നിരവധി ആനുകൂല്യങ്ങളും മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. 25,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും, 4500 രൂപയുടെ കോര്‍പറേറ്റ് ആനുകൂല്യവും, 1550 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടും W4 ഡീസല്‍ പതിപ്പിന് നല്‍കുന്നുണ്ട്. പെട്രോള്‍ പതിപ്പിന് 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ടാണ് കമ്പനി നൽകുന്നത്. ഒരേ എക്സ്ചേഞ്ച് ബോണസാണ് എല്ലാ വേരിയന്റിനും ഒരുക്കുന്നത്.






