
ഈ വർഷം ഫെബ്രുവരിയിലാണ് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡിൻ്റെ ഇന്ത്യയിലെ ഫുൾ സൈസ് എസ്യുവി എൻഡവർ പരിഷ്കരിച്ച് വില്പനക്കെത്തിയത്. 2020 എൻഡവറിന്റെ ഹൈലൈറ്റ് ബിഎസ്6 എൻജിനും ഗിയർബോക്സും ആണ്. എന്നാൽ, ലോഞ്ച് ചെയ്ത് ആറ് മാസത്തിന് ശേഷം എൻഡവറിൻ്റെ വില ഫോർഡ് വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. ഇപ്പോൾ 1.2 ലക്ഷം രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, ഏകദേശം 70,000 വരെ പിന്നീട് വർദ്ധിക്കും എന്നായിരുന്നു അവതരണവേളയിൽ ഫോർഡ് പറഞ്ഞിരുന്നത്.
ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 2.0-ലിറ്റർ ഇക്കോബ്ലൂ ടർബോ-ഡീസൽ എൻജിനാണ് പുത്തൻ എൻഡവറിൽ. 168 ബിഎച്ച്പി പവറും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ സൃഷ്ടിക്കും. 10 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 2020 ഫോർഡ് എൻഡവർ ഇത്തരം ഗിയർബോക്സുള്ള ഇന്ത്യയിലെ ആദ്യ വാഹനമാണ്.
ഫോർഡിന്റെ മൊബിലിറ്റി & കണക്റ്റിവിറ്റി സംവിധാനമായ FordPass ആണ് മറ്റൊരു പ്രത്യേകത. ഈ സംവിധാനം വഴി വാഹനം സ്റ്റാർട്ട് ചെയ്യുക, ഓഫ് ചെയ്യുക, ലോക്ക് ചെയ്യുക/ തുറക്കുക, ഇന്ധന നിലവാരം അറിയുക, വാഹനത്തിന്റെ ലൊക്കേഷൻ തുടങ്ങിയ കാര്യങ്ങൾ ആപ്പ് വഴി മനസ്സിലാക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. മഹിന്ദ്ര ആൾടുറാസ് ജി4, ടൊയോട്ട ഫോർച്യൂണർ, ഇസുസു എംയു-എക്സ് എന്നിവയാണ് 2020 ഫോർഡ് എൻഡവറിന്റെ എതിരാളികൾ






