
കൊച്ചി: സ്വര്‍ണക്കടത്തിലെ ഇടനിലക്കാരി മാത്രമല്ല, പണം മുടക്കിയവരിലൊരാള്‍ കൂടിയാണു സ്വപ്ന സുരേഷെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. ഹവാല ഇടപാടില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമിയാണു താനെന്നും സ്വപ്ന മൊഴി നല്കി. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വപ്നയിലൂടെ സ്വര്‍ണം ഇടപാടില്‍ പണം മുടക്കിയിട്ടുണ്ടെന്നാണു വിവരം. ഉന്നത ഉദ്യോഗസ്ഥരില്‍ പലര്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തും ബിനാമി ഇടപാടുകളുമുള്ളതായി ഇ.ഡി. കസ്റ്റഡിയില്‍ ഒന്‍പതു ദിവസത്തെ ചോദ്യംചെയ്യലിനിടെ സ്വപ്ന വെളിപ്പെടുത്തി.
വിവിധ ഇടപാടുകള്‍ക്കു പ്രതിഫലമായി ലഭിക്കുന്ന പണമാണ് അവര്‍ താന്‍ മുഖേന ഹവാല ഇടപാടില്‍ ഉപയോഗിക്കുന്നത്. ഇതില്‍ പലരുടെയും പേരുകളും സ്വപ്ന തുറന്നുപറഞ്ഞു. സ്വപ്നയ്ക്ക് ഉന്നതബന്ധമുണ്ടെന്നു കസ്റ്റഡിയിലുള്ള പി.എസ്. സരിത്തും സന്ദീപ് നായരും മൊഴി നല്‍കിയിരുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ സ്വപ്നയുടെ ബന്ധങ്ങള്‍ വിപുലമാണെന്നു കസ്റ്റംസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ കമ്മിഷനായി ലഭിച്ചിരുന്ന തുക സ്വപ്നയും സരിത്തും സ്വര്‍ണം ഇടപാടിനു മുടക്കുകയായിരുന്നു.
ഡോളറിന്റെ മൂല്യത്തില്‍ ഏറ്റക്കുറച്ചില്‍ വന്നതോടെയാണു സ്വര്‍ണത്തില്‍ സുരക്ഷിത നിക്ഷേപം കണ്ടെത്തിയത്. െകെകാര്യം ചെയ്യാന്‍ എളുപ്പമാണെന്നതാണു പ്രധാന ആകര്‍ഷണമെന്നും സ്വപ്ന മൊഴി നല്കി. ലോക്കറില്‍ നിന്നു കണ്ടെത്തിയ ഒരു കോടി രൂപ, ഒരു കിലോ സ്വര്‍ണം, അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 56 ലക്ഷം രൂപ, സഹകരണ ബാങ്കിലെ നിക്ഷേപം എന്നിവയുടെ സ്രോതസ് വിട്ടുപറയാന്‍ സ്വപ്ന തയാറായിട്ടില്ല. െലെഫ് മിഷന് പദ്ധതിയില്‍ വീട് നിര്‍മാണത്തിനു കരാര്‍ ലഭിച്ച യൂണിടാക് കമ്പനി കമ്മിഷനായി ഒരു കോടി രൂപ നല്കി.
യു.എ.ഇ. കോണ്‍സുല്‍ ജനറലിനു നല്കിയ കമ്മിഷന് അദ്ദേഹം തനിക്കു നല്കുകയാണു ചെയ്തതെന്നു സ്വപ്ന ആവര്‍ത്തിച്ചു. ഇതു വാസ്തവമല്ലെന്നും കേസില്‍നിന്നു രക്ഷപ്പെടാനായി കോണ്‍സുല്‍ ജനറലിന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്നും ഇ.ഡി. കരുതുന്നു. യൂണിടാക്ക് ആര്‍ക്കു കമ്മിഷന് കൊടുത്തുവെന്നതിനു തെളിവില്ല. വിവാഹസമ്മാനമായി ലഭിച്ചെന്നു പറയുന്ന അഞ്ചു കിലോ സ്വര്‍ണം കള്ളക്കടത്തുവഴി എത്തിച്ചതാണ്. സ്വര്‍ണക്കട്ടികള്‍ കൊടുവള്ളിയിലെ സ്വര്‍ണക്കച്ചവടക്കാര്‍ വഴി ആഭരണമാക്കുകയായിരുന്നു.
തന്റെ കൈവശം ഒരു കിലോ സ്വര്‍ണം മാത്രമേയുള്ളൂവെന്നാണ് ഇ.ഡിയോടു സ്വപ്ന പറഞ്ഞത്. അതിനും വ്യക്തമായ തെളിവില്ല. എല്ലാം അനധികൃത സമ്പാദ്യമാണെന്നും സ്വപ്നയ്ക്കു ഹവാല ഇടപാടുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കലാണ് ഓരോ ഇടപാടിനു പിന്നിലെന്നും ഇ.ഡി. കരുതുന്നു.
ഉന്നതമായ ചില കേന്ദ്രങ്ങളില്‍ അന്വേഷണം ആവശ്യമാണ്. ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കാന്‍ തങ്ങള്‍ക്കു പരിമിതിയുണ്ടെന്നും ഇക്കാര്യം സി.ബി.ഐ. പോലുള്ള ഏജന്‍സി അന്വേഷിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ശനിയാഴ്ച അഞ്ചര മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ഇനിയുംവിളിപ്പിക്കുമെന്നു പറഞ്ഞാണ് വിട്ടയച്ചത്. കസ്റ്റംസ് പ്രതിചേര്‍ത്ത എല്ലാവരും ഇ.ഡിയുടെ പ്രതിപ്പട്ടികയിലുണ്ടാകും.






