മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ വസതിയിലെ നാല് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപ അറിയിച്ചതാണ് ഇക്കാര്യം. ശരത് പവാറിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. എന്നാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി അദ്ദേഹം വീട്ടില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ശരത് പവാറിന് ഞായറാഴ്ച കോവിഡ് പരിശോധന നടത്തിയിരുന്നു. പരിശോധനാ ഫലം നെഗറ്റീവാണ്. പവാറിന്റെ വസതിയിലെ പാചകക്കാരനും സുരക്ഷാ ജീവനക്കാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പവാര്‍ സുരക്ഷിതനാണ്. ഏതാനും ദിവസത്തെ വിശ്രമം വേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ എന്‍.സി.പി മന്ത്രി ബാലാസാഹേബ് പാട്ടീലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പാട്ടീല്‍ നിലവില്‍ ചികിത്സയിലാണ്.






