
ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിർമാതാവ് കെ. വെങ്കട് നാരായണയെ വിജയ് സർക്കാർ നിയമിച്ചു. ഒരു വർഷത്തേക്കുള്ള താത്കാലിക പദവി സൃഷ്ടിച്ചാണ് നിയമനം. വിജയ് നായകനാകുന്ന 'ജനനായകൻ' ചിത്രത്തിന്റെ നിർമാതാവാണ് വെങ്കട് നാരായണ.
സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്ന് 'ജനനായകൻ' ചിത്രത്തിന്റെ റിലീസ് വൈകുന്നതിനിടെയാണ് നിയമനം. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണർ വിശ്വനാഥ് അർലേക്കറെ കണ്ടപ്പോൾ വെങ്കട് നാരായണയും ഒപ്പമുണ്ടായിരുന്നു. കർണാടക സ്വദേശിയാണ് അദ്ദേഹം.
മലയാളത്തിൽ 'ബാലൻ: ദ ബോയ്' എന്ന ചിത്രത്തിലൂടെ ആദ്യമായി നിർമാണ രംഗത്തെത്തിയ വെങ്കട് നാരായണ, ഗീതു മോഹൻദാസ്-യഷ് കൂട്ടുകെട്ടിലെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്', പ്രിയദർശന്റെ ബോളിവുഡ് ചിത്രം 'ഹൈവാൻ' എന്നിവയും നിർമിക്കുന്നുണ്ട്.






