
കോട്ടയം: ട്രഷറി ചെക്കുകളിലെ പിഴവുകളും പിശകുകളും തിരുത്താന്‍ ഓഫീസര്‍മാര്‍ക്കുണ്ടായിരുന്ന അധികാരം സര്‍ക്കാര്‍ എടുത്തുമാറ്റി. ചെക്കുകളില്‍ വീഴ്ച സംഭവിച്ചാല്‍ അവ കൈകാര്യം ചെയ്യുന്ന ക്ലര്‍ക്കും ഓഫീസറും ഒരുപോലെ കുറ്റക്കാരാവും. ഇതു സംബന്ധിച്ച ട്രഷറി ഡയറക്ടറുടെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ഇടപാടുകളില്‍ തെറ്റുവരുത്തിയശേഷം അവ റദ്ദ് ചെയ്യണമെന്നുളള അപേക്ഷ ഇനി പരിഗണിക്കില്ല.
ബില്ലുകള്‍, ചെക്കുകള്‍ എന്നിവയില്‍ പിഴവ് വരുത്തുന്ന ജീവനക്കാര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ട്രഷറര്‍മാര്‍ പണംസ്വീകരിക്കും മുമ്പ് ചെല്ലാനുകളില്‍ രേഖപ്പെടുത്തിയ തുകയും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുകയും ഒന്നുതന്നെയെന്ന് ഉറപ്പാക്കണം. ഓരേ ദിവസത്തെയും ഡേ ബുക്ക് തൊട്ടടുത്ത ദിവസം തന്നെ ക്ലോസ് ചെയ്യണം.
അനുബന്ധ വൗച്ചറുകള്‍ ഇല്ലാത്ത ഒരു ബില്ലുും പാസാക്കേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിനായി സമര്‍പ്പിക്കുന്ന ചെക്കുകള്‍ക്ക് ടി.സി. സ്ലിപ്പ് കൈപ്പറ്റ് രസീതായി നല്‍കണമെന്നാണ് മറ്റൊരു നിര്‍ദേശം.
ഇതുവരെ ക്ലര്‍ക്കിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചാല്‍ ട്രഷറി ഓഫീസര്‍മാര്‍ക്ക് ചെക്കുകളില്‍ തിരുത്തലുകള്‍ നടത്തി പണം അനുവദിക്കാന്‍ കഴിയുമായിരുന്നു. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നതോടെയാണ് ഇതിനു വിലക്കുവരുന്നത്. അവിടെ തട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്. ബിജുലാലിനെ പിരിച്ചുവിട്ടിരുന്നു.
ഷാലു മാത്യു






