
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്നലെ കൂടിക്കാഴ്ചകളുടെ ദിവസമായിരുന്നു. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി നിയുക്ത പ്രതിപക്ഷനേതാവ് പിണറായി വിജയന്, മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിനേത്തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്നനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരെ സതീശന് സന്ദര്‍ശിച്ചു.
അതേസമയം, അണികളുടെയും നേതാക്കളുടെയും ഒഴുക്കിനിടയിലും സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥര്‍ നിയുക്ത മുഖ്യമന്ത്രിയെ 'മുഖം കാണിക്കാന്‍' കന്റോണ്‍മെന്റ് ഹൗസില്‍ കാത്തുനിന്നു. സംസ്ഥാന പോലീസ് മേധാവി റവഡ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരും നിയുക്ത മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. മന്ത്രിസഭാ രൂപീകരണചര്ച്ചകളും മറ്റുമായി രാത്രി വൈകുംവരെ സതീശന് തിരക്കിലായിരുന്നു.
ആതിഥേയനായി ചെന്നിത്തല;
എന്റെ നേതാവെന്നു സതീശന്
പിണറായിയെ സന്ദര്‍ശിച്ചശേഷം, രമേശ് ചെന്നിത്തലയുടെ വഴുതക്കാട് ഈശ്വരവിലാസം റോഡിലെ വസതിയിലേക്കായിരുന്നു സതീശന്റ യാത്ര. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ചെന്നിത്തലയുമായി സതീശന്റെ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. സതീശന് മുഖ്യമന്ത്രിയായതില്‍ സന്തോഷമുണ്ടെന്നും ഹൈക്കമാന്‍ഡ്
തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു. വളരെ
വ്യക്തിപരമായ ബന്ധമാണ് സതീശനുമായുള്ളത്. 10 വര്‍ഷത്തെ ഇടതുഭരണത്തില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള ദൗത്യം സതീശനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാവരും ചേര്‍ന്ന് നിറവേറ്റും. മന്ത്രിസഭാ രൂപീകരണത്തില്‍ എന്തെങ്കിലും ഉപാധി വയ്ക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ''ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?' എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാക്കാലത്തും തന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്നു സതീശന് പറഞ്ഞു. ചെറുപ്പം മുതല്‍ നിരവധി തവണ വന്ന വീടാണിത്. രണ്ട് സഹോദരന്മാരുടെ കൂടിക്കാഴ്ചയാണിത്. ജ്യേഷ്ഠസഹോദരതുല്യനായ രമേശിന്റെ പിന്തുണ തനിക്കുണ്ടാകുമെന്ന് ഉറപ്പാണെന്നും സതീശന് പറഞ്ഞു. ജോസഫ് വാഴയ്ക്കന്, വി.ടി. ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയവര്‍ ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്കു സാക്ഷ്യംവഹിച്ചു.
കാര്‍ത്തികേയന്റെ വീട്ടില്‍
വിതുമ്പി വി.ഡി. സതീശന്
അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ വീട്ടിലെത്തിയ സതീശന് അദ്ദേഹത്തിന്റെ ഓര്‍മകളില്‍ വിതുമ്പി. ശാസ്തമംഗലത്തെ വീട്ടില്‍ മുന്‍ എം.എല്‍.എയും തിരുവനന്തപുരം കോര്പറേഷന് പ്രതിപക്ഷനേതാവുമായ, കാര്‍ത്തികേയന്റെ മകന് കെ.എസ്. ശബരീനാഥന് സതീശനെ സ്വീകരിച്ചു.
കാര്‍ത്തികേയന്റെ ഭാര്യ സുലേഖ വാത്സല്യപൂര്‍വം ചേര്‍ത്തുപിടിച്ചപ്പോഴാണ് സതീശന് വിതുമ്പിയത്. ''ചീഫ് മിനിസ്റ്റര്‍ അങ്ങനെ കരയരുത്, ചീഫ് മിനിസ്റ്റര്‍ക്ക് കരച്ചിലൊന്നും വരരുത്'' എന്നു പറഞ്ഞ് സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ''സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്''- സതീശന്
പറഞ്ഞു. സുലേഖ അദ്ദേഹത്തെ ആശ്വസിപ്പിച്ച് വീടിനകത്തേക്കു കൊണ്ടുപോയി. കൊച്ചുമക്കള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി. നടന് ജഗദീഷും നിര്‍മാതാവ് രഞ്ജിത്തും വീട്ടിലുണ്ടായിരുന്നു. എല്ലാവരോടും കുശലാന്വേഷണം നടത്തിയാണ് സതീശന് മടങ്ങിയത്.






