
കൊച്ചി: മുഖ്യമന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്, മന്ത്രിസഭയിലേക്കില്ലെന്ന കടുത്ത നിലപാട് ഉപേക്ഷിച്ച് രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പ് ലഭിച്ചാലേ മന്ത്രിസഭയിലേക്കുള്ളൂവെന്ന കടുംപിടിത്തവും ഉപേക്ഷിച്ചതായാണ് സൂചന.
ഏറ്റുമാനൂരില്‍ അവസാനനിമിഷം സ്ഥാനാര്‍ഥിത്വം നഷ്ടപ്പെട്ട തന്റെ വിശ്വസ്തന് ജോസഫ് വാഴയ്ക്കനെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കണമെന്ന ആവശ്യവും ചെന്നിത്തലയുടെ ഒത്തുതീര്‍പ്പ് 'പാക്കേജി'ലുണ്ട്. വാഴയ്ക്കന്റെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമുണ്ടായില്ലെങ്കിലും ചെന്നിത്തല മന്ത്രിസഭയിലെത്തും. ആഭ്യന്തരം ഒഴികെ, സുപ്രധാനവകുപ്പ് നല്കി അദ്ദേഹത്തെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കമാണ് വി.ഡി. സതീശന് ക്യാമ്പും എ.ഐ.സി.സിയും നടത്തുന്നത്. ധനവകുപ്പ് നല്‍കാനാണ് സാധ്യത. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനകാര്യത്തില്‍ അവഗാഹമുള്ള സതീശന്‍തന്നെ ആ വകുപ്പ് കൈകാര്യം ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നു.
കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ ആറ് എം.എല്‍.എമാരേ ഐ ഗ്രൂപ്പിനുള്ളൂ. അന്‍വര്‍ സാദത്ത് (ആലുവ), റോണി കെ. ബേബി (കാഞ്ഞിരപ്പള്ളി), ടി.ജെ. വിനോദ്(എറണാകുളം), ജ്യോതികുമാര്‍ ചാമക്കാല(പത്തനാപുരം), കെ. നീലകണ്ഠന് (ഉദുമ) എന്നിവരാണ് ചെന്നിത്തലയ്ക്കൊപ്പം ഉറച്ചുനില്‍ക്കുന്നത്. അന്‍വര്‍ സാദത്തും ജ്യോതികുമാറും ഇന്നലെ ചെന്നിത്തലയെ വസതിയില്‍ സന്ദര്‍ശിച്ചു. ജോസഫ് വാഴയ്ക്കനും ഒപ്പമുണ്ടായിരുന്നു. നിയുക്തമുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും ചെന്നിത്തലയെ സന്ദര്‍ശിച്ച് മന്ത്രിസഭയിലേക്ക് ക്ഷണിച്ചു. തന്റെ ഉപാധികള്‍ ചെന്നിത്തലയും അറിയിച്ചു. സണ്ണി ജോസഫ് മന്ത്രിയാകുമ്പോള്‍ ഒഴിവുവരുന്ന കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് ബെന്നി ബെഹനാന് എം.പിയെ കൊണ്ടുവരാനുള്ള നീക്കവും ശക്തമാണ്.






