
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഭാരത് സ്റ്റേജ് 6 മലിനീകരണം പാലിക്കും വിധം പരിഷ്ക്കരിച്ച ഡസ്റ്റർ എസ്യുവി മാർച്ചിലാണ് വില്പനക്കെത്തിച്ചത്. 1.5-ലിറ്റർ പെട്രോൾ എൻജിൻ റെനോ പരിഷകരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഡീസൽ എൻജിനിൽ ഡസ്റ്റർ ലഭ്യമല്ല. കരുത്ത് കൂടിയ ടർബോ പെട്രോൾ എൻജിൻ ഡസ്റ്റർ ശ്രേണിയിലെത്തും എന്ന് ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ റെനോ വ്യക്തമാക്കിയിരുന്നു. 6 മാസത്തെ കാത്തിരിപ്പിന് ശേഷം ടർബോ പെട്രോൾ എൻജിനിൽ ഡസ്റ്റർ വില്പനക്കെത്തിയെന്നാണ് റിപ്പോർട്ട്.
റെനോ ഡസ്റ്റർ ടർബോ പെട്രോൾ മോഡലിന് 10.49 ലക്ഷം മുതലാണ് എക്സ്-ഷോറൂം വില. RXE, RXS, RXZ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളിൽ റെനോ ഡസ്റ്റർ ലഭ്യമാണ്. അതെ സമയം, ഇതേ വേരിയന്റുകളിൽ ലഭ്യമായ 1.5-ലിറ്റർ പെട്രോൾ എഞ്ചിനുള്ള ഇപ്പോൾ വില്പനയിലുള ഡസ്റ്ററിന് 8.59 ലക്ഷം മുതൽ 9.99 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില.
ടർബോ പെട്രോൾ എഞ്ചിനുള്ള പുത്തൻ മോഡലിന് കഴിഞ്ഞ വർഷം പരിഷ്കരിച്ചു വിപണിയിലെത്തിയ ഡസ്റ്റർ മോഡലുമായി കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ല. ടെയിൽ ഗേറ്റിലെ ഡസ്റ്റർ ബാഡ്ജിംഗ്, ഫ്രണ്ട് ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിങ് എന്നിവിടങ്ങളിൽ ചുവപ്പ് നിറമുള്ള ഗാർണിഷ് ഉൾപെടുത്തിയിരിക്കുന്നതാണ് പ്രകടമായ മാറ്റം. 17-ഇഞ്ച് അലോയ് വീൽ റീഡിസൈൻ ചെയ്തിട്ടുണ്ട്. ഇന്റീരിയറിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. എൻജിൻ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം, റിമോട്ട് ഉപയോഗിച്ച് ക്യാബിൻ പ്രീ-കൂളിംഗ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 8.0-ഇഞ്ച് ടച്ച്സ്ക്രീൻ എന്ന ഫീച്ചറുകളുണ്ട് ഏറ്റവും ഉയർന്ന RXZ പതിപ്പിൽ .






