
ഭോപ്പാല്‍: മധ്യപ്രദേശിലെ രണ്ട് പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 100 കോടിയോളം വിലമതിക്കുന്ന 100 വസ്തുവകകളുടെ രേഖകളും മറ്റും കണ്ടെടുത്തു. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് റെയ്ഡിനെത്തിയത്.
നൂറുകണക്കിന് കോടികള്‍ മൂല്യം വരുന്ന വസ്തുവവകളെക്കുറിച്ചുള്ള വിവരങ്ങളും റെയ്ഡില്‍ കണ്ടെടുത്തു. ഇതിന് പുറമേ ഒരു കോടി രൂപയും ഓഫീസുകളില്‍നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളിലാണ് ഐ.ടി, എസ്.എ.എഫ് പോലീസ് സംഘം റെയ്ഡിനെത്തിയത്.
കണ്ടെത്തിയ വസ്തുവകകളില്‍ രണ്ട് ക്രിക്കറ്റ് ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വിവരങ്ങളും ഉള്ളതായി പറയുന്നു. റെയിഡ് നടന്ന രണ്ട് വ്യവസായ ഗ്രൂപ്പുകളില്‍ ഒന്നിന്റെ ഉടമ രാഘവേന്ദ്ര സിങ് തോമറാണ്. ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭയിലെ ക്യാബിനെറ്റ് അംഗമായ ബി.ജെ.പി നേതാവിന്റെ അടുത്ത അനുയായിയാണ് ഈ വ്യവസായിയെന്നും ബി.ജെ.പി മന്ത്രിക്ക് തോമറുമായുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
അതേസമയം ബി.ജെ.പി നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗര്‍വാള്‍ മറുപടി നല്കി.






