
പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ വിപണയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഒഖിനാവ. R30 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ ആണ് അവതരിപ്പിച്ചത്. പുതിയ മോഡലിന് 58,992 രൂപയാണ് എക്സ്ഷോറൂം വില. സ്കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 2,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.
വേര്‍പെടുത്താവുന്ന 1.25 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയാണ് സ്കൂട്ടറിന്റെ കരുത്ത്. ലോ സ്പീഡ് വിഭാഗത്തിലാണ് പുതിയ R30 ഇലക്ട്രിക് സ്കൂട്ടറിനെ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരമാവധി വേഗത 25 കിലോമീറ്ററാണ്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയം ആവശ്യമാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന്. പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. മൈക്രോ ചാര്‍ജര്‍ ഓട്ടോ കട്ട് ഫംഗ്ഷനുമായിട്ടാണ് സ്കൂട്ടര്‍ വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോർട്ട്.
മെറ്റാലിക് ഓറഞ്ച്, ഗ്ലോസി റെഡ്, പേള്‍ വൈറ്റ്, സീ ഗ്രീന്‍, സണ്‍റൈസ് യെല്ലോ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇലക്ട്രിക് സ്കൂട്ടര്‍ ലഭ്യമാണ്. ആപ്രോണ്‍ ഘടിപ്പിച്ച ഹെഡ്ലാമ്പ്, ഫ്രണ്ട് ടു ഡ്യുവല്‍ ടോണ്‍ ഫിനിഷ്, അലോയ് വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ സവിശേഷതകള്‍. ഇ-എബിഎസ് (ഇലക്ട്രോണിക്-അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം) ഇലക്ട്രിക് സ്കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ വാറണ്ടിയാണ് ബാറ്ററിക്ക് നല്‍കുന്നത്. 250 വാട്ട്, BLDC മോട്ടോറിനും മൂന്ന് വര്‍ഷം / 30,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും. ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒഖിനാവ് 2015-ലാണ് വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്.






