
ചൈനീസ് വാഹന ഭീമൻ എസ്എഐസിയുടെ (SAIC) കീഴിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയിലെ തങ്ങളുടെ മൂന്നാമത് എസ്യുവി ഹെക്ടർ പ്ലസ്സിനെ കഴിഞ്ഞ മാസം 13-നാണ് അവതരിപ്പിച്ചത്. 6 സീറ്റർ ഹെക്ടർ പ്ലസിന്റെ എക്സ്-ഷോറൂം വില 13.49 ലക്ഷം മുതൽ 18.54 ലക്ഷം വരെ ആയിരുന്നു.
എന്നാൽ, ഒരു മാസത്തിന് ശേഷം വില കൂടും എന്ന് അവതരണ വേളയിൽ തന്നെ എംജി മോട്ടോർ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ഒരു മാസം കഴിഞ്ഞപ്പോൾ 46,000 രൂപ വരെയാണ് വിവിധ വേരിയന്റുകളുടെ വില എംജി മോട്ടോർ ഇന്ത്യ കൂട്ടിയത്.
ഹെക്ടർ പ്ലസ്സിലും ഹെക്ടറിലെ എൻജിനുകൾ തന്നെയാണ്. 1.5 ലിറ്റർ ടർബോ പെട്രോൾ, 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ. 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സ് ഓപ്ഷനുകളിലാണ് 141 ബിഎച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന പെട്രോൾ, ഹൈബ്രിഡ് പെട്രോൾ എൻജിനുകൾ വരുന്നത്. 6-സ്പീഡ് മാന്വൽ ഗിയർബോക്സിൽ മാത്രമേ 168 ബിഎച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഡീസൽ എൻജിൻ ലഭ്യമാവൂ.
ഹെക്ടർ പ്ലസ്സിൽ രണ്ടാം നിരയിൽ രണ്ട് ബക്കറ്റ് സീറ്റുകളാണ്. ഹെക്ടറിലെ രണ്ടാം നിര ബെഞ്ച് സീറ്റുകൾ ആണ് ഉള്ളത്. ഹെക്ടർ പ്ലസ്സിന്റെ മൂന്നാം നിരയിൽ 2 പേർക്കിരിക്കാം (കുട്ടികൾക്കാണ് അനുയോജ്യം). ഹെക്ടർ പ്ലസിന്റെ സീറ്റിംഗ് ക്രമീകരണം 2+2+2 എന്ന രീതിയിലാണ്. ബാക്കി ഇന്റീരിയറിന്റെ ഘടനയിൽ ഹെക്ടറും ഹെക്ടർ പ്ലസും തമ്മിൽ മാറ്റമില്ല. എന്നാൽ, ഹെക്ടർ പ്ലസ്സിന് നൽകിയിരിക്കുന്ന സ്മോക്ഡ് സെപ്പിയ ബ്രൗൺ ലെതർ അപ്ഹോൾസ്റ്ററി പഴയ മോഡലിന് പ്രീമിയം ലുക്ക് നൽകുന്നുണ്ട്.






