
നൊസ്റ്റാൾജിക് ടച്ചുള്ള റേസിംഗ് സിക്സ്റ്റീസ് എന്ന മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് ഇറ്റാലിയൻ ലൈഫ്സ്റ്റൈൽ സ്കൂട്ടർ നിർമ്മാതാക്കളായ വെസ്പ . ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച വെസ്പ റേസിംഗ് സിക്സ്റ്റീസ് അടുത്ത മാസം ഒന്നിന് കമ്പനി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. 1960-കളിലെ റേസിംഗ് ഹരം ആയിരുന്ന റൈഡർമാരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വെസ്പ റേസിംഗ് സിക്സ്റ്റീസ് ഒരുക്കിയിരിക്കുന്നത്.
വെസ്പ അടുത്തിടെ ലോഞ്ച് ചെയ്ത SXL 150 മോഡലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിക്കുന്ന ലിമിറ്റഡ് എഡിഷൻ മോഡൽ ആണ് റേസിംഗ് സിക്സ്റ്റീസ്. വെസ്പ റേസിംഗ് സിക്സ്റ്റീസിന്റെ ആകർഷണം വെള്ള ബോഡി നിറത്തിൽ ചുവപ്പ് നിറത്തിലുള്ള ഡീറ്റൈലിങ്ങുകളാണ്. വെസ്പ റേസിംഗ് സിക്സ്റ്റീസിന്റെ ക്ലാസിക് ലുക്ക് വർദ്ധിപ്പിക്കുന്നതിൽ പ്രധാന ഘടകം ഗോൾഡൻ നിറത്തിലുള്ള അലോയ് വീൽ ആണ്. മുന്നിലെ എപ്രണിലും സൈഡ് ബോഡി പാനലിലും റേസിംഗ് സ്ട്രൈപ് പോലെ ഈ ചുവപ്പ് നിറത്തിലുള്ള ഗാർണിഷ് കാണാം. കറുപ്പിൽ പൊതിഞ്ഞ ഹെഡ്ലൈറ്റ് ഹൗസിങ്, കറുപ്പ് സീറ്റുകളിൽ വെള്ള നിറത്തിലുള്ള പൈപ്പിംഗ്, റിയർ വ്യൂ മിറർ, എക്സ്ഹോസ്റ്റ് ഷീൽഡ് എന്നിവയാണ് മറ്റുള്ള സവിശേഷതകൾ.
എബിഎസ്, അണ്ടർ സീറ്റ് ലൈറ്റ്, യുഎസ്ബി ചാർജർ എന്നിവ വെസ്പ റേസിംഗ് സിക്സ്റ്റീസിൽ സ്റ്റാൻഡേർഡ് ഫിറ്റിങ് ആണ്. വെസ്പ SXL 150 മോഡലിലെ ഫ്യുവൽ ഇൻജെക്ടഡ്, ത്രീ-വാൽവ്, 150 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിൻ തന്നെയാണ് വെസ്പ റേസിംഗ് സിക്സ്റ്റീസിലും ലഭിക്കുന്നത്. ഈ എൻജിൻ 7,600 ആർപിഎമ്മിൽ 10.4 എച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 10.6 എൻഎം ടോർക്കും നിർമിക്കും. മുൻചക്രത്തിന് 200 എംഎം ഡിസ്ക്കും പിൻചക്രത്തിൽ 140 എംഎം ഡ്രം ബ്രെയ്ക്കുമാണ്.






