
ഇന്ത്യയിലെ കോംപാക്ട് എസ്യുവി ശ്രേണിയിലേക്ക് ടൊയോട്ടയുടെ അര്‍ബന്‍ ക്രൂയിസര്‍ ഉടൻ എത്തുന്നു. മാരുതി ബ്രെസയുടെ റീ-ബാഡ്ജിങ്ങ് പതിപ്പാണ് ഈ വാഹനം. അടുത്ത മാസം നിരത്തിലെത്തുന്ന ഈ വാഹനത്തിന്റെ അകത്തളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് അകത്തളത്തില്‍ ടൊയോട്ട കാര്യമായ അഴിച്ചുപണി നടത്തിയിട്ടില്ല. ക്യാബിനിലെ അളവുകളും സൗകര്യങ്ങളും ബ്രെസയിലേതിന് സമാനമായിരിക്കുമെന്നാണ് വിവരം. ഡാര്‍ക്ക് ബ്രൗണ്‍-ബ്ലാക്കും ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ അഴകേകുന്ന അകത്തളത്തില്‍ ടൊയോട്ടയുടെ ലോഗോ പതിപ്പിച്ചിട്ടുള്ള സ്റ്റിയറിങ്ങ് വീല്‍ ചിത്രത്തിൽ കാണാം.
എന്നാൽ, അര്‍ബന്‍ ക്രൂയിസറിന്റെ എല്ലാ വേരിയന്റുകളിലും എന്ജിന് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നീ ഫീച്ചറുകള്‍ നല്‍കുന്നുണ്ടെന്നാണ് വിവരം. നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി എന്നിവക്കൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലുണ്ട്. ഇതിന് സ്മാര്‍ട്ട് പ്ലേകാസ്റ്റ് എന്നാണ് ടൊയോട്ട നല്കിയ പേര്. 16 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകള്‍, ഫോര്‍ച്യൂണറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗ്രില്‍, ഫോക്സ് സ്കിഡ് പ്ലേറ്റ്,ക്രോമിയം റിങ്ങില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ്, ഗ്ലോസി ബ്ലാക്ക് റിയര്‍വ്യു മിറര്‍ അര്‍ബന്‍ ക്രൂയിസറിന്റെ മുഖമുദ്രയാണ്






