
തിരുവനന്തപുരം: ബി.ജെ.പിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടല്ല. സെക്രട്ടറിയേറ്റിലെ ഫയല്‍ കൈകാര്യം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കാര്‍ക്ക് അറിയാഞ്ഞിട്ടാണെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പരിഹാസം. മുഖ്യമന്ത്രി പൊതുഭരണ വകുപ്പിന്റെ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണത്തിന് ഫേസ്ബുക്കിലൂടെ ആയിരുന്നു ധനമന്ത്രിയുടെ മറുപടി.
താന്‍ ഉള്‍പ്പെടുയുള്ളവര്‍ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോള്‍ ഫയലുകള്‍ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നല്‍കുന്നതെന്നും പറയുന്നു. ഇ ഫയലാണെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കും. പേപ്പര്‍ ഫയലാണെങ്കില്‍, സ്കാന്‍ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാന്‍ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസില്‍ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴ് വഴക്കമെന്നും പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയില്‍ ചികിത്സയിലായിരിക്കെ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന് ഇന്നലെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അമേരിക്കയില്‍ ആയിരുന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലില്‍ ആര് ഒപ്പിട്ടു എന്ന കാര്യത്തില്‍ മറുപടി നല്‍കണമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ 2018ല്‍ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി പോലെ ഒന്ന് എന്ന് പറഞ്ഞാണ് തോമസ് മാത്യു ആക്ഷേപിച്ചത്.
സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും കേരളത്തിലെ ബി.ജെ.പിക്കാര്‍ക്ക് അറിയില്ലെന്നും വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അഭ്യാസമാണെന്നുമാണ് തോമസ് ഐസകിന്റെ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് വൈകുന്നേരം 4.30ന് ന്യൂസ് 18 കേരളയിൽ മുഖ്യമന്ത്രിയ്ക്ക് അപരനോ എന്ന വിഷയത്തിലെ ചർച്ചയുടെ പോസ്റ്റർ കണ്ട് ഞാൻ അന്തം വിട്ടുപോയി. അസംബന്ധം എന്ന് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാവുന്ന ഒരു ആരോപണത്തിന്മേലാണ് ചർച്ച. അതിന്റെ വസ്തുത സ്വന്തം നിലയ്ക്ക് അന്വേഷിക്കാൻ ഈ മാധ്യമസ്ഥാപനത്തിന് ബാധ്യതയില്ലേ?
ബിജെപിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതിൽ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തന രീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവർക്ക് അറിയില്ല. അതുകൊണ്ടാണല്ലോ 2018ൽ കെ സി ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വെയ്ക്കാൻ തോക്കുമായി ഇറങ്ങിയത്.
ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നൽകുന്നത്. ഇ ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്കാൻ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസിൽ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസിൽ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതും വെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ അപരൻ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചർച്ച ചെയ്യാൻ പോകുന്നവരെ സമ്മതിക്കണം.
വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങൾ.






