
മിമിക്രി താരവും, ഹാസ്യനടനുമായ ഹരീഷ് കണാരനെ മലയാളി പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടമാണ്. ജാലിയന്‍ കണാരന് എന്ന മിനിസ്ക്രീന്‍ കഥപാത്രത്തില്‍ നിന്നാണ് ബിഗ് സ്ക്രീനിലേക്ക് ഹരീഷ് എത്തിയത്. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് തുറന്നു പറയുന്ന ഹരീഷ് കണാരന്റെ അഭിമുഖ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്.
'' അച്ഛാദിന്‍ എന്ന ചിത്രത്തിലായിരുന്നു മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിച്ചത്. തമിഴായിരുന്നു പറയേണ്ടിയിരുന്നത്. അത് അറിയില്ലായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ടെന്‍ഷനുണ്ടായിരുന്നു. തെറ്റിപ്പോവുമോയെന്ന പേടിയുമുണ്ടായിരുന്നു. നമ്മള് വിചാരിക്കുന്ന പോലെയല്ല അദ്ദേഹം. സീനിന് വേണ്ടി നില്‍ക്കുന്നതിനിടയിലാണ് അദ്ദേഹം അടുത്തേക്ക് വന്ന് എന്തൊക്കെയാണ് ബാബുവേട്ടാ എന്ന് ചോദിച്ചത്. അപ്പോഴാണ് ഞാന്‍ ഫ്രീയായത്.
മമ്മൂക്ക എല്ലാ പരിപാടികളും കാണും. എല്ലാ ചാനലിലെ പരിപാടികളും കാണും. അതേക്കുറിച്ചൊക്കെ ചോദിക്കും. രഞ്ജിത്തേട്ടന്റെ പുത്തന്പണത്തിലായിരുന്നു പിന്നീട് മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ചത്. ഈ ചിത്രത്തില്‍ കോഴിക്കോടന്‍ ശൈലിയിലല്ലേ സംസാരിക്കേണ്ടതെന്ന് ചോദിച്ചിരുന്നു, അല്ല ഹരീഷേട്ടന് കാസര്‍കോട് ശൈലിയിലാണെന്ന് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയിരുന്നു. ലൊക്കേഷനില്‍ നിന്നും മുങ്ങിയാലോ എന്നൊക്കെയായിരുന്നു ആലോചിച്ചത്.
എങ്ങനെയെങ്കിലും കോഴിക്കോട് ആക്കാമോയെന്നായിരുന്നു ചോദിച്ചത്. അപ്പോഴാണ് രഞ്ജിയേട്ടന് വിളിച്ച് ഇതേക്കുറിച്ച് ചോദിച്ചത്. മമ്മൂക്കയോടും സംഭവം പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ എനിക്കൊക്കെ ഭാഷയുണ്ടോ, ശൈലിയുണ്ടോയെന്നൊക്കെയായിരുന്നു അദ്ദേഹം ചോദിച്ചത്. കാസര്‍കോട് പറയൂ, നമുക്ക് നോക്കാലോയെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന ആളാണ് മമ്മൂക്ക'' ഹരീഷ് പറയുന്നു.






