
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന് ഷുഹൈബിനും താഹയ്ക്കും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. പത്തു മാസവും 10 ദിവസവും പിന്നിട്ട ശേഷമാണ് കേസില്‍ വിദ്യാര്‍ത്ഥികളായ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ട്, മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണം, എല്ലാ ശനിയാഴ്ചയും സ്റ്റേഷനില്‍ ചെന്ന് ഒപ്പിടണം, പാസ്പോര്‍ട്ട് കെട്ടിവെയ്ക്കണം സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ഒരു തരത്തിലുമുള്ള ബന്ധവും ഉണ്ടാകരുത് തുടങ്ങിയവയാണ് ജാമ്യം കിട്ടാന്‍ പറഞ്ഞിരിക്കുന്ന ഉപാധികള്‍.
കോടതി ഉപാധികള്‍ അംഗീകരിക്കുമെന്നും വൈകിയാണെങ്കിലും നീതി കിട്ടിയെന്നുമായിരുന്നു താഹയുടെ സഹോദരന്റെ പ്രതികരണം. കേസില്‍ കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ച എന്‍ഐഎ സംഘം സമര്‍പ്പിച്ച എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബര്‍ 1 നായിരുന്നു ഇരുവരേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. സംഘടനകളുമായി ബന്ധം ആരോപിച്ച് ആദ്യം കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ നിന്നും മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെത്തി. ഇരുവരും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി തുടങ്ങിയവയായിരുന്നു ഇരുവര്‍ക്കുമെതിരേ എന്‍ഐഎ ചൂണ്ടിക്കാട്ടിയ വസ്തുതകള്‍.
കേസില്‍ ഇരുവരേയും കൂടാതെ മറ്റൊരാളുടെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നെങ്കിലും അയാളെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്തു മാസത്തിനിടയില്‍ നാലാമത്തെ ശ്രമത്തിലാണ് ജാമ്യം കിട്ടിയത്. കേസില്‍ യുഎപിഎ ചുമത്താന്‍ തക്കവിധമുള്ള ഒരു തെളിവുകളും ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഇരുവരുടേയും വാദം. മുദ്രാവാക്യം വിളിച്ചത് കൊണ്ട് തങ്ങള്‍ മാവോയിസ്റ്റുകള്‍ ആകുമോയെന്നായിരുന്നു ഇവരുടെ ചോദ്യം. അറസ്റ്റിലായ ശേഷം മൂന്ന് വട്ടം ജാമ്യഹര്‍ജിയുമായി ഇരുവരുടേയും ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. മുദ്രാവാക്യം വിളിച്ചെന്ന ആരോപണത്തില്‍ ശബദ്ത്തിന്റെ സാമ്പികളുകള്‍ പരിശോധന നടത്തിയ രേഖ അടക്കം അന്വേഷണത്തിന് ആവശ്യമായ എല്ലാ തെളിലവുകളും പരിശോധിച്ച ശേഷമായിരുന്നു ജാമ്യം.






