
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ സ്മോള്‍ എസ്.യു.വി. മോഡലായ ക്യു2 ഉടനെ എത്തുന്നു. ഇപ്പോളിതാ വാഹനത്തിന്റെ ഡിസൈനിംഗ് വെളിപ്പെടുത്തുന്ന ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടു. ഈ വാഹനം സെപ്റ്റംബര്‍ മാസത്തില്‍ തന്നെ നിരത്തുകളിലെത്തിയേക്കും.
പ്രധാനമായും യുവാക്കളെ ലക്ഷ്യമാക്കിയായിരിക്കും ഈ വാഹനമെത്തുകയെന്നാണ് സൂചന. ഈ വാഹനം പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചായിരിക്കും ഇന്ത്യയിലെത്തുക. വിദേശത്ത് നിര്‍മിക്കുന്ന വാഹനങ്ങളുടെ 2500 യൂണിറ്റ് വരെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് അനുമതിയുള്ളത്. അതുകൊണ്ട് കുറഞ്ഞ എണ്ണം മാത്രമേ ഇന്ത്യയിലെത്താന്‍ സാധ്യതയുള്ളൂ.
ഔഡിയുടെ ഈ കുഞ്ഞന്‍ എസ്യുവിക്ക് അടിസ്ഥാനമൊരുക്കുന്നത് ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ എം.ബി.ക്യു. പ്ലാറ്റ്ഫോമാണ്. ഈ വാഹനം ബിഎംഡബ്ല്യു എക്സ്1, മിനി കണ്ട്രിമാന്, നിരത്തുകളിലെത്താനൊരുങ്ങുന്ന മെഴ്സിഡസ് ബെന്‍സ് ജി.എല്‍.എ. തുടങ്ങിയ പ്രീമിയം വാഹനങ്ങളുമായായിരിക്കും മത്സരിക്കുക. ക്യു3 എസ്.യു.വിയുടെ തൊട്ടുതാഴെയാണ് ഇതിന്റെ സ്ഥാനം.
അഞ്ച് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 190 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുക. 6.5 സെക്കന്റില്‍ പൂജ്യത്തില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ക്യൂ2-ന് സാധിക്കും. ക്വാട്രോ ഓള് വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ചാണ് ട്രാന്സ്മിഷന്. ഔഡിയുടെ ഡിസൈന്‍ ശൈലി പുന്തുടര്ന്നുള്ള രൂപകല്‍പ്പനയാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്.






