
ഉത്സവകാലം ആരംഭിച്ചതോടെ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസ്സാൻ തങ്ങളുടെ കിക്സ് എസ്യുവിക്ക് 75,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് സെപ്റ്റംബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് സൂചന.
നിസ്സാൻ ഡീലർഷിപ്പുകൾ 45,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 10,000 രൂപ ലോയൽറ്റി ആനുകൂല്യവും സെപ്റ്റംബർ മാസത്തേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 10,000 രൂപ വരെ കോർപ്പറേറ്റ് ഓഫറും 15-ന് മുൻപായി പുതിയ കിക്സ് ബുക്ക് ചെയ്താൽ 15,000 രൂപ അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ മൊത്തം 75,000 രൂപ വരെ ആനുകൂല്യങ്ങളോടെ 2020 നിസ്സാൻ കിക്സ് ഈ മാസം സ്വന്തമാക്കാം.
7 വേരിയന്റുകളിൽ ലഭ്യമായ പുത്തൻ കിക്സിന്റെ എല്ലാ വേരിയന്റുകൾക്കൊപ്പവും സെപ്റ്റംബർ ഓഫറുണ്ട്. മെയിൽ വില്പനക്കെത്തിയ കിക്സിന്റെ പുത്തൻ മോഡലിന് 9.50 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. നൈറ്റ് ഷെയ്ഡ്, ബ്രോൺസ് ഗ്രേ, ബ്ലേഡ് സിൽവർ, ഫയർ റെഡ്, പേൾ വൈറ്റ്, ഡീപ് ബ്ലൂ പേൾ എന്നിങ്ങനെ 6 മോണോടോൺ നിറങ്ങളിലും ഫയർ റെഡ്/ ഒനിക്സ് ബ്ലാക്ക്, ബ്രോൺസ് ഗ്രേ/ ആംബർ ഓറഞ്ച്, പേൾ വൈറ്റ്/ ഒനിക്സ് ബ്ലാക്ക് എന്നിങ്ങനെ 3 ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് പുത്തൻ നിസ്സാൻ കിക്സ് എത്തിയിരിക്കുന്നത്.
1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ പരിഷ്കരിച്ചിട്ടുണ്ട്. 2020 നിസ്സാൻ കിക്സിന്റെ ഹൈലൈറ്റ് പുതുതായി അവതരിപ്പിച്ച 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിൻ ആണ്. 106 എച്ച്പി പവർ 1.5-ലിറ്റർ എൻജിൻ നിർമ്മിക്കുമ്പോൾ 154 ബിഎച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും ആണ് 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിന്റെ ഔട്പുട്ട്. പുത്തൻ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം മാന്വൽ ട്രാൻസ്മിഷനും 8 സ്പീഡ് സിവിടിയുമാണ് ഗിയർബോക്സ് ഓപ്ഷനുകൾ. 1.5-ലിറ്റർ എൻജിൻ മാന്വൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാവൂ.






