
ഗ്രാന്റ് ഐ10 നിയോസ് ഹ്യുണ്ടായിയുടെ വാഹനനിരയിലെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനക്കാരനാണ്. റിപ്പോർട്ട് പ്രകാരം ഉത്സവ സീസണിന്റെ ഭാഗമായി നിയോസ് മാഗ്ന വേരിയന്റിനെ അടിസ്ഥാനമാക്കി കോര്‍പറേറ്റ് എഡിഷന് എന്ന വേരിയന്റാണ് ഹ്യുണ്ടായി ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. മാഗ്നയെക്കാള് 19,000 രൂപ കോര്‍പറേറ്റ് എഡിഷന് അധികമാണെന്നാണ് സൂചന.
കോര്‍പറേറ്റ് എഡിഷന് മോഡല്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍, ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകളില് എത്തുന്നുണ്ട്. പെട്രോള്‍ എന്ജിന് മാനുവല്‍ ട്രാന്സ്മിഷന് 6.10 ലക്ഷം രൂപയും ഓട്ടോമാറ്റിക് ട്രാന്സ്മിഷന് 6.63 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. മാനുവല്‍ ട്രാന്സ്മിഷന് മാത്രമാണ് ഡീസല്‍ എന്‍ജിനൊപ്പമുള്ളത്. ഇതിന് 7.19 ലക്ഷം രൂപയാണ് വില.
കോര്‍പറേറ്റ് എഡിഷന് 1.2 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് എത്തുന്നത്. 82 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കും 1.2 ലിറ്റര്‍ പെട്രോള്‍ എന്ജിന് നൽകുമ്പോൾ, 1.2 ലിറ്റര്‍ ഡീസല്‍ എന്ജിന് 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി എന്നിവയാണ് ഇതിലെ ട്രാന്സ്മിഷന്. 6.75 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 2 ഡിന് സ്റ്റീരിയോ സിസ്റ്റത്തിന് പകരം ലഭിക്കും, ആന്റി ബാക്ടീരിയര് ആന്റി ഫംഗല്‍ സീറ്റിങ്ങ്, ഹാപ്പ ഫില്‍ട്ടര്‍ നല്‍കിയുള്ള എയര്‍ പ്യൂരിഫയര്‍ എന്നിവ ഈ വേരിയന്റില്‍ അധികമായി ലഭിച്ചേക്കും. ഗ്ലോസ് ബ്ലാക്ക് ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍, ഫോളോ മീ ഹോം ഹെഡ് ലാമ്പ് എന്നിവ ഈ വേരിയന്റിലുമുണ്ട്.






