
നിത്യജീവിതത്തില് പലവിധബുദ്ധിമുട്ടുകള്ക്കും നടുവേദന കാരണമാകുന്നു. ആണ് - പെണ് വ്യത്യാസം കൂടാതെ ഏതു പ്രായക്കാരിലും നടുവേദന കണ്ടുവരുന്നു. തുടര്ച്ചയായുണ്ടാകുന്ന നടുവേദനയ്ക്ക് സ്വയം ചികിത്സ പാടില്ല. അസ്ഥികളുടെ തേയ്മാനം, അസ്ഥികള്ക്കകത്തുണ്ടാകുന്ന ട്യൂമറുകള്, മൂത്രാശയ രോഗങ്ങള്, ഗര്ഭപാത്രത്തിലെ പ്രശ്നങ്ങള് എന്നിങ്ങനെ നടുവേദനയ്ക്കുള്ള കാരണങ്ങള് നിരവധിയാണ്. അതിനാല് നിര്ബന്ധമായും ഒരു അസ്ഥിരോഗ വിദഗ്ധന്റെ അഭിപ്രായം ആരായുകയാണു നല്ലത്. എന്നാല് ചില കാര്യങ്ങളില് അല്പമൊന്ന് ശ്രദ്ധിച്ചാല് ഒരുപരിധിവരെ നടുവേദന അനുഭവപ്പെടുന്നത് ഒഴിവാക്കാം.
ജീവിതശൈലിയില് ശ്രദ്ധിക്കാം
1. വ്യായാമക്കുറവാണു നടുവേദനയ്ക്കുള്ള പ്രധാന കാരണം. ദിവസേന അര മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കുക.
2. കുനിഞ്ഞു ഭാരമെടുക്കുമ്പോള് പ്രത്യേകം ശ്രദ്ധിക്കണം. നടുവിനു ബലം കൊടുക്കാതെ രണ്ടു മുട്ടും മടക്കി കുനിഞ്ഞ് ഭാരം എടുത്ത് മുട്ടു നിവര്ത്തി പൊങ്ങുക.
3. കമ്പ്യൂട്ടറിനു മുമ്പില് വളഞ്ഞിരിക്കാതെ നിവര്ന്നിരിക്കണം. കൈകള്ക്കു താങ്ങുള്ള കസേരകള് ഉപയോഗിക്കുന്നതാണ് ഉത്തമം.
4. മോണിറ്ററിന്റെ മുകള് ഭാഗം കണ്ണിനു സമാന്തരമായിരിക്കണം. അഡ്ജസ്റ്റ് ചെയ്യാവുന്ന കസേരകള് ഉപയോഗിച്ച് ഇതു ക്രമപ്പെടുത്താവുന്നതാണ്. കഴുത്തും നടുവും നിവര്ന്നിരിക്കാനും ഇതു സഹായിക്കും.
5. കൈകള് കസേരപ്പിടിയില് താങ്ങി ടൈപ്പ് ചെയ്യത്തക്ക രീതിയില് കീബോര്ഡ് വയ്ക്കുക.
6. ദിവസവും ഇരുന്നു ജോലി ചെയ്യുന്നവര് നടുവിനു താങ്ങു നല്കുന്ന കസേരകള് ഉപയോഗിക്കുക. അല്ലെങ്കില് നടുഭാഗത്തു കുഷ്യന് വയ്ക്കുക.
7. കസേരയില് കുനിഞ്ഞിരുന്നു ജോലി ചെയ്യാതെ നിവര്ന്നിരിക്കണം.
8. ഒരേ രീതിയില് ദീര്ഘനേരം ഇരുന്നു ജോലി ചെയ്യാതെ ഇടയ്ക്ക് റിലാക്സ് ചെയ്യുക. എഴുന്നേറ്റു നിന്നു കാല്വിരലുകള് നിലത്തൂന്നി കൈകള് മുകളിലേക്ക് ഉയര്ത്തുക. ഇതു മസിലുകള്ക്ക് ആയാസം നല്കാന് സഹായിക്കുന്നു.
9. കൃഷിപ്പണിക്കാര് നീണ്ട കൈയുള്ള തൂമ്പ ഉപയോഗിക്കുക. ഇതു നടുവിനുണ്ടാക്കുന്ന സമ്മര്ദത്തിന്റെ തോതു കുറയ്ക്കും.
10. മണ്ണും കല്ലും മറ്റു ഭാരമുള്ള വസ്തുക്കളും എടുത്തുയര്ത്തുമ്പോള് ചുമട്ടുതൊഴിലാളികള് ഘട്ടം ഘട്ടമായി ചെയ്യാന് ശ്രമിക്കണം. മുട്ടു മടക്കി ഇരുന്നു സാധനങ്ങള് എടുത്തു തലയില്വച്ച ശേഷം മുട്ടിനു ഭാരം നല്കി എഴുന്നേല്ക്കുക. അല്ലെങ്കില് സാധനങ്ങള് ഉയരമുള്ള പ്രതലത്തില് മുട്ടുമടക്കി ഇരുന്ന് എടുത്തുവച്ച ശേഷം എഴുനേറ്റുനിന്ന് തലയില് വയ്ക്കുക.

11. പരമാവധി ഹീല് കുറഞ്ഞ ചെരിപ്പുകള് ഉപയോഗിക്കുക.
12. എന്തു കാര്യവും നിവര്ന്നുനിന്നും നിവര്ന്നിരുന്നും ചെയ്യുക.
13. വ്യായാമം പേശികളിലെ രക്തയോട്ടം വര്ധിപ്പിക്കുകയും ശരീരത്തിനും സന്ധികള്ക്കും അയവു നല്കുകയും ചെയ്യുന്നു.
14. അമിതവണ്ണം നട്ടെല്ലിനു ചുറ്റും പ്രവര്ത്തിക്കുന്ന പേശികള്ക്കു സമ്മര്ദം ഉണ്ടാക്കാം. അതിനാല് ഭക്ഷണക്രമത്തില് ശ്രദ്ധിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചു നിര്ത്തുക.
15. പുകവലിക്കാര്, മദ്യപര് ഇവരിലും നടുവേദനയുടെ നിരക്കു കൂടാം.
16. കൂടുതല് സമയം ഇരുന്നു ജോലി ചെയ്യുന്നവരുടെ നടുഭാഗത്തിനു യാതൊരു വ്യായാമവും ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി നടുവിലെ പേശികള്ക്കു ചലനശേഷി കുറയുന്നു.
17. ചെറിയ തോതിലുള്ള നടുവേദനയുള്ളവര്ക്ക് രണ്ടു ദിവസം തുടര്ച്ചയായി കിടന്നാലും വേദനയ്ക്ക് ശമനം ഉണ്ടാകാം. എന്നാല് ഗുരുതരമായ നടുവേദനയുള്ളവര്ക്ക് ഡോക്ടറുടെ നിര്ദേശപ്രകാരം മൂന്ന് മുതല് ആറാഴ്ചവരെ തുടര്ച്ചയായി നിവര്ന്നുകിടന്നുള്ള വിശ്രമം ആവശ്യമാണ്. ഈ സമയത്ത് ശരീരം ഇളകാതെ ശ്രദ്ധിക്കണം.
18. ജീവിതശൈലി രോഗങ്ങളുള്ളവര് ഭക്ഷണത്തില് ആവശ്യമായ നിയന്ത്രണങ്ങള് കൊണ്ടുവരണം.
19. അപകടങ്ങള്, വീഴ്ച ഇവമൂലം നടുവിന് പരുക്ക്, ചതവ് എന്നിവ പറ്റിയിട്ടുള്ളവര്ക്ക് നിര്ബന്ധമായും വിശ്രമം എടുക്കണം.
20. അമിത ഭാരമുള്ള ബാഗുകള് കുട്ടികള് ചെറുപ്രായത്തില് തോളില് തൂക്കുന്നത് ഭാവിയില് നടുവേദനയ്ക്കു കാരണമാകാം. അതിനാല് കനം കുറഞ്ഞ സ്കൂള് ബാഗുകള് കുട്ടികള്ക്കു വാങ്ങി നല്കുക.
21. നടുവേദനയുള്ളവര് ജിമ്മില് പോകുമ്പോള് കുനിഞ്ഞു നിന്നുള്ള വ്യായാമങ്ങള് ഒഴിവാക്കുക. അമിതഭാരം എടുത്തുള്ള വ്യായാമങ്ങളും വേണ്ട.
22. ഏതെങ്കിലും വ്യായാമങ്ങള് ചെയ്യുമ്പോള് നടുവേദന ഉണ്ടായാല് പിന്നീട് അവ ചെയ്യാതിരിക്കുക.

വാഹനം ഓടിക്കുമ്പോള്
1. വാഹനം ഓടിക്കുമ്പോള് നിവര്ന്നിരുന്ന് ഓടിക്കണം.
2. ചാരുകസേരയില് കിടക്കുന്ന രീതിയിലുള്ള സീറ്റുകള് നടുവേദനയുള്ളവര്ക്കു നല്ലതല്ല. പ്രത്യേകിച്ചു ഡിസ്ക്ക് തകരാര് ഉള്ളവര്ക്ക്. മാരുതി ഉള്പ്പെടെയുള്ള മിക്ക വാഹനങ്ങളുടെയും സീറ്റുകള് ശാസ്ത്രീയമായി നിര്മിച്ചിരിക്കുന്നവയാണ്. ഇവ നടുവേദനയ്ക്കു കാരണമാകുന്നില്ല.
3. ഓടിക്കുന്ന വാഹനത്തിന്റെ സീറ്റ് ശാസ്ത്രീയമായ രീതിയിലല്ലെങ്കില് നടുവിനു താങ്ങായി ഒരു കുഷ്യന് വയ്ക്കുക.
4. ബൈക്ക് റെയിസ് ചെയ്തു കുനിഞ്ഞിരുന്ന് ഓടിക്കുന്ന രീതി ശരിയല്ല. ചെറിയ തോതിലുള്ള നടുവേദനയുള്ളവര്ക്കും നിവര്ന്നിരുന്നു ബൈക്ക് ഓടിക്കുന്നതുകൊണ്ടു കുഴപ്പമില്ല.
5. ഇടുപ്പും മുട്ടും സമാന്തരമായി വരത്തക്ക രീതിയില് കാറിന്റെ സീറ്റ് ക്രീകരിക്കുന്നതാണു നല്ലത്. സീറ്റിന്റെ ബാക്ക് റെസ്റ്റില് ചാരിയിരിക്കുന്നത് നടുവിനുള്ള ആയാസം കുറയ്ക്കും.
വീട്ടുജോലികള് ചെയ്യുമ്പോള്
1. വീട്ടുജോലികള് ചെയ്യുമ്പോള് മുന്നോട്ടു കുനിഞ്ഞു നിന്നുള്ള ജോലികള് ഒഴിവാക്കുക.
2. അടിച്ചുവാരാന് നീളമുള്ള ചൂല് ഉപയോഗിക്കുക.
3. മീന്വെട്ടുകയോ ഇറച്ചി നുറുക്കുകയോ ചെയ്യുമ്പോള് ഏറെ സമയം ഒരേ രീതിയില് കുത്തിയിരിക്കുന്നത് നടുവിന് സമ്മര്ദം ഉണ്ടാക്കും. അതിനാല് ചെറിയ പൊക്കമുള്ള സ്റ്റൂളില് ഇരുന്ന് ഇത്തരം ജോലികള് ചെയ്യുക.
4. എടുത്തുയര്ത്താന് പ്രയാസമുള്ള ഭാരം ബലംപിടിച്ച് എടുത്ത് ഉയര്ത്താതിരിക്കുക.
5. കുനിഞ്ഞുനിന്ന് തുണിയലക്കുന്നതും നടുവേദനയുണ്ടാക്കാം. അലക്കുന്ന പ്രതലം പൊക്കമുള്ളതായാല് കുനിഞ്ഞുനിന്ന് അലക്കുമ്പോഴുള്ള ആയാസം കുറയ്ക്കും. അതുപോലെ ഉയരം കുറഞ്ഞ സ്റ്റൂളിലിരുന്ന് തുണി കഴുകാവുന്നതാണ്

കിടക്കുമ്പോള് ശ്രദ്ധിക്കാന്
1. നിവര്ന്നു കിടക്കുമ്പോള് കഴുത്തിനു പിന്നിലും നടുവിലും വളവ് മനുഷ്യസഹജമാണ്. എന്നാല്, നടുവേദനയുള്ളവര് ഒരു സാരി മടക്കി വയ്ക്കുന്ന വലുപ്പത്തില് ഒരു ഷീറ്റ് മടക്കിയോ ചെറിയ തലയണയോ നടുവിന്റെ ഭാഗത്തു വയ്ക്കുക. കിടക്കുമ്പോള് നടുവ് ആയാസരഹിതമാകാന് ഇതു സഹായിക്കും.
2. കഴുത്തിനു താങ്ങു നല്കുന്നതിനാണ് തലയണ ഉപയോഗിക്കേണ്ടത്. നമ്മള് തലവയ്ക്കുക എന്ന ഉദ്ദേശത്തോടെയാണു സാധാരണ തലയണ ഉപയോഗിക്കുന്നത്. ഇതു ശരിയായ രീതിയല്ല. കഴുത്തിനു പുറകിലായുള്ള വളവില് വേണം തലയണ വയ്ക്കാന്. ശരീരത്തിന് തുലനത കിട്ടുവാനും നട്ടെല്ല് നിര്വന്നിരിക്കാനും ഇതു സഹായിക്കും.
3. നടുവേദനയുള്ളവര് ബെഡ് ഉപയോഗിക്കുന്നതുകൊണ്ട് തെറ്റില്ല. ഓരോരുര്ത്തര്ക്കും സുഖകരമായ രീതിയില് കിടക്കുകയെന്നതാണു പ്രധാനം. കയര് കട്ടില്, പ്ലാസ്റ്റിക് തുടങ്ങിയ കുഴിവുള്ള കട്ടിലുകള് ഉപയോഗിക്കരുതെന്നു മാത്രം. നിവര്ന്നു നില്ക്കുമ്പോള് നടുവ് എങ്ങനെ ആയിരിക്കുമോ അതേ രീതിയില് കിടക്കുന്നതാണ് ഏറ്റവും നല്ലത്.
4. ചാരുകസേര ഉപയോഗിക്കുന്നതു നടുവേദനയുള്ളവര്ക്കു നന്നല്ല. ഇതു നടുവിനു താങ്ങു നല്കുന്നില്ല.
5. രണ്ടു മൂന്നു തലയിണകള് ഒന്നിച്ച് അടുക്കിവച്ച് കിടക്കുന്നത് നന്നല്ല.
6. തണുപ്പു സമയത്ത് സിമന്റ് തറയില് കിടക്കുന്നത് ഒഴിവാക്കുക. തറയില്നിന്നുള്ള തണുപ്പ് നടുവേദനയുണ്ടാക്കാം.
7. നടുവേദനയുള്ളവര്ക്ക് ഒരുവശം ചരിഞ്ഞു കിടക്കുന്നതു സുഖകരമായിരിക്കും. ഏതെങ്കിലും രീതിയില് കിടക്കുമ്പോള് നടുവിനു സ്ട്രെയിന് അനുഭവപ്പെടുന്നുണ്ടെങ്കില് ആ രീതിയില് കിടക്കാതിരിക്കാന് ശ്രദ്ധിക്കണം.
8. വലിപ്പം കുറഞ്ഞ കട്ടിലില് കൂനിക്കൂടി കിടക്കാതിരിക്കുക.
9. മാനസിക സമ്മര്ദം മൂലം ഞരമ്പുകള് വഴി നട്ടെല്ലിനു ചുറ്റുമുള്ള പേശികള്ക്കു സങ്കോചം ഉണ്ടാകാം. സുഖകരമായ ഉറക്കം വേദന ശമിപ്പിക്കാനുള്ള ഏറ്റവും നല്ല ഔഷധമാണ്. അതിനാല് ശരീരവും മനസും റിലാക്സ് ചെയ്യുന്ന രീതിയില് വേണം കിടക്കാന്.
പ്രസവശേഷമുള്ള നടുവേദന
1. നിലത്തുനിന്നു കുഞ്ഞിനെ നേരിട്ട് എടുക്കരുത്. മുട്ടുമടക്കി നിലത്തിരുന്നു കുഞ്ഞിനെ എടുത്തു കട്ടിലില് കിടത്തുക അല്ലെങ്കില് മറ്റാരെക്കൊണ്ടെങ്കിലും കുഞ്ഞിനെ കട്ടിലില് കിടത്തിയ ശേഷം കട്ടിലില് നിവര്ന്നിരുന്നു കുഞ്ഞിനെ എടുക്കുക.
2. കുഞ്ഞിനു പാലു കൊടുക്കുമ്പോഴും കുനിഞ്ഞിരിക്കാതെ നിവര്ന്നിരുന്നു കൊടുക്കുക.
3. കുഞ്ഞുങ്ങളെ പാലൂട്ടുമ്പോള് നടുവേദനയ്ക്കു കഴിക്കുന്ന മരുന്നുകള് പരമാവധി ഒഴിവാക്കുക. ഓയിന്മെന്റ് പുരട്ടി ചൂടു പിടിക്കുന്നതു വേദനയ്ക്കു ശമനം നല്കും.

പ്രാഥമിക കൃത്യങ്ങള്ക്ക്
1. വ്യായാമം ചെയ്യാത്തവരില് നടുവ് വേഗത്തില് അയഞ്ഞുകിട്ടണമെന്നില്ല. അതിനാല് നടുവേദനയുള്ളവര് സാധാരണ ക്ലോസറ്റ് ഉപയോഗിക്കുന്നതിലും നല്ലത് യൂറോപ്യന് ക്ലോസറ്റ് ഉപയോഗിക്കുന്നതാണ്.
2. പ്രസവശേഷവും ശരീരം വേഗത്തില് വഴങ്ങണമെന്നില്ല. അതിനാല് പ്രസവം കഴിഞ്ഞ ഉടനെയും പൊക്കമുള്ള ക്ലോസറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
എല്ലാ ചികിത്സാ രീതികളും നടുവേദനയ്ക്ക് ഫലപ്രദമാണ്. ഓരോരുത്തര്ക്കും ഏതാണ് അഭികാമ്യമെന്നതിനനുസരിച്ച് അത് തെരഞ്ഞെടുക്കുക. എന്നാല് വ്യാജന്മാരുടെ കെണിയില് പെടാതെ ശ്രദ്ധിക്കണം. ശാസ്ത്രീയമായി പഠിച്ച വിദഗ്ദ്ധരുടെ അടുത്തുവേണം ചികിത്സ തേടിയെത്താന്. അപ്പോള് ഓരോ ചികിത്സാ ശാഖയും വിജയകരമായിരിക്കും.
നടുവേദന ഒഴിവാക്കാന് വ്യായാമങ്ങള്
1. രാവിലെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങള്ക്കുശേഷം കട്ടിലില് നിവര്ന്നു കിടക്കുക. ഓരോ കാല് വീതം മുകളിലേക്ക് പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഇത് 10-12 തവണ വരെ ചെയ്യാവുന്നതാണ്.
2. നിവര്ന്നുകിടന്നശേഷം ഒരുപോലെ രണ്ടു കാലുകളും മുകളിലേക്ക് പൊക്കുകയും താഴ്ത്തുകയും ചെയ്യുക.
3. രണ്ട് മുട്ടുകളിലും കൈകളിലും നില്ക്കുക. തല മുകളിലേക്ക് ഉയര്ത്തുക.
4. കമിഴ്ന്നു കിടന്ന് ഒരു കാല് നിവര്ത്തിവച്ച് മറ്റേക്കാല് മടക്കി തുടഭാഗത്തായി മുട്ടിക്കുക. ഇരുകാലുകളും ഇങ്ങനെ മാറിമാറി ചെയ്യുക.
5. ചെറു ചൂട് വേദനയുള്ള ഭാഗത്ത് വയ്ക്കുന്നത് രക്തയോട്ടം വര്ധിക്കുന്നതിനും വേദന ശമിക്കുന്നതിനും സഹായിക്കും. വാതസംബന്ധമായ നടുവേദനയുള്ളവര്ക്ക് ഇത് കൂടുതല് നല്ലതാണ്.
കടപ്പാട്:
ബി. ശ്രീകുമാര്
കണ്സള്ട്ടന്റ് ഓര്ത്തോപീഡിക് സര്ജന്,
കോട്ടയം







Comments