
ഫോർഡ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മോഡലായ എൻഡവർ എസ്യുവിയുടെ സ്പെഷ്യൽ എഡിഷൻ പതിപ്പ് പുറത്തിറക്കാനുള്ള നീക്കത്തിലാണ്. റിപ്പോർട്ട് അനുസരിച്ച് ഫോർഡ് എൻഡവർ സ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന പുതിയ മോഡൽ രാജ്യത്തെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
എസ്യുവിക്കായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചതായാണ് സൂചന. എൻഡവർ സ്പോർട്ട് എഡിഷൻ 50,000 രൂപ ടോക്കൺ തുക നൽകി പ്രീ-ബുക്ക് ചെയ്യാന സാധിക്കും. അതിനാൽ പുതിയ പതിപ്പിന്റെ അരങ്ങേറ്റം ഉടന ഉണ്ടാകുമെന്നാണ് സൂചന. ഇത് പൂർണമായും ലോഡുചെയ്ത ടൈറ്റാനിയം പ്ലസ് വേരിയന്റ് അടിസ്ഥാനമാക്കിയായിരിക്കും എത്തുക.
സ്പൈ ചിത്രങ്ങളിലൂടെ ഫോർഡ് എൻഡവർ സ്പോർട്ട് പതിപ്പിന്റെ പുറംമോടിയിലെ മാറ്റങ്ങൾ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. അലോയ് വീലുകൾ, റൂഫ് റെയിലുകൾ, റേഡിയേറ്റർ ഗ്രിൽ, ഫെൻഡർ വെന്റുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ, മിററുകൾ, ഫുട്ബോർഡുകൾ, ടെയിൽഗേറ്റ് എന്നിവയിൽ മോഡലിന് ഒരു സ്പോർട്ടി ബ്ലാക്ക് ട്രീറ്റ്മെന്റ് ലഭിക്കുന്നു. ഫോർഡ് എൻഡവറിൽ അടുത്തിടെ നവീകരിച്ച ബിഎസ്-VI എഞ്ചിൻ തന്നെയാകും സ്പോർട്ട് എഡിഷനിലും ഒരുങ്ങുക. 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനൊപ്പം10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സായിരിക്കും ജോടിയാക്കുക. ഇത് 170 bhp കരുത്തിൽ 420 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോമാറ്റിക് ഡേ / നൈറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾപ്പെടെ ടൈറ്റാനിയം പ്ലസ് വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും സ്പോർട്ട് എഡിഷനിലും ഫോർഡ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്.






