
പുതിയ കോംപാക്ട് എസ്യുവിയെ സെപ്റ്റംബര്‍ 23-ന് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട. മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍. പുതിയ റിപ്പോര്‍ട്ട് പ്രകാരം ബോളിവുഡ് സൂപ്പര്‍താരം ആയുഷ്മാന്‍ ഖുറാനെ വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതായി കമ്പനി വക്താവ് പറയുന്നു.
വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. അര്‍ബന്‍ ക്രൂയിസര്‍ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനര്‍നിര്‍മിച്ച മോഡലാണ്. 'റെസ്പെക്ട് പക്കേജ്' എന്നൊരു പദ്ധതി നേരത്തെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് അടുത്തിടെ ബ്രാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോഞ്ചിന് മുമ്പുതന്നെ കാര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് 2 വര്‍ഷം വരെ 'നോ-കോസ്റ്റ് പീരിയോഡിക് മെയിന്റനന്‍സ്' ആസ്വദിക്കാമെന്ന് ടൊയോട്ട വ്യക്തമാക്കി.
അര്‍ബന്‍ ക്രൂയിസറിലും ബ്രസയ്ക്ക് കരുത്തേകുന്ന എഞ്ചിന് തന്നെയാകും നല്‍കുക. എന്നാല്‍, ഇതില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അധികമായി നല്‍കുമെന്നാണ് സൂചന. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് കരുത്തേകുന്നത് 1.5 ലിറ്റര്‍, NA ഇന്‍ലൈന്‍ 4 പെട്രോള്‍ എഞ്ചിനാണ്. 105 bhp കരുത്തില്‍ 138 Nm ടോർക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്സ് ഓപ്ഷനില്‍ ലഭ്യമാകും. അര്‍ബന്‍ ക്രൂയിസര്‍ ബ്ലൂ, ബ്രൗണ്‍, വൈറ്റ്, ഓറഞ്ച്, സില്‍വര്‍, ഗ്രേ എന്നിങ്ങനെ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് ലഭ്യമാവുക. മാത്രമല്ല, ബ്ലൂ/ബ്ലാക്ക്, ബ്രൗണ്‍/ബ്ലാക്ക്, ഓറഞ്ച്/വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും വാഹനം വിപണിയില്‍ എത്തും.






