
ബവേറിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ബിഎസ്-VI GS 310 ഇരട്ടകൾ ഒക്ടോബർ ആദ്യ വാരത്തിൽ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കും. അടുത്തമാസം 10-ാം തീയതിയോടെ മോഡലുകൾക്കായുള്ള ഡെലിവറികളും ആരംഭിക്കുമെന്നും ബിഎംഡബ്ല്യു മോട്ടോറാഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
GS 310 ഇരട്ടകൾക്കായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് . ടിവിഎസിന്റെ സഹായത്തോടെ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന മോഡലുകളാണ് ബിഎംഡബ്ല്യു GS 310 R, G 310 GS എന്നിവ. എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത ഹെഡ്ലാമ്പ് ക്ലസ്റ്ററും പുനർനിർമിച്ച ടെയിൽ ലൈറ്റ് യൂണിറ്റും ബൈക്കുകൾക്ക് ലഭിക്കുമെന്ന് ടീസറുകൾ സൂചിപ്പിക്കുന്നു. 2015 ലെ ആഗോള അവതരണത്തിനു ശേഷം രണ്ട് മോഡലികൾക്കും ലഭിക്കുന്ന ആദ്യത്തെ സമഗ്രമായ പരിഷ്ക്കരണമാണിത്.
313 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റാണ് ബിഎംഡബ്ല്യു G 310 ഇരട്ടകൾക്ക് കരുത്തേകുക. ഈ എഞ്ചിൻ 34 bhp പവറും 28 Nm ടോർക്കും വികസിപ്പിക്കും. ആറ് സ്പീഡാണ് ഗിയർബോക്സ്. സ്ലിപ്പർ-ക്ലച്ച്, റൈഡ്-ബൈ-വയർ ഉപയോഗിച്ച് സവാരി മോഡുകൾ എന്നിവ പോലുള്ള സവിശേഷതകൾ മോട്ടോർസൈക്കിളുകളിൽ ഉൾപ്പെടുത്തിയേക്കും. 2.99 ലക്ഷം രൂപയും 3.49 ലക്ഷം രൂപയുമായിരുന്നു നിലവിലുണ്ടായിരുന്ന മോഡലുകൾക്ക് എക്സ്ഷോറൂം വില. എന്നാൽ പുതുക്കിയ GS 310 R, G 310 GS മോഡലുകൾക്ക് 20,000 മുതൽ 25,000 രൂപ വരെ വില കുറവ് പ്രതീക്ഷിക്കാമെന്നാണ് വിവരം.






