
ഒരുകാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്നു നളിനി. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെയൊക്കെ നായികയായി നളിനി എത്തി. ഭൂമിയിലെ രാജാക്കന്മാര്, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായിരുന്നു നളിനി. നാലു ഭാഷകളില്‍ 120ലധികം സിനിമകള്‍ നളിനി ചെയ്തിട്ടുണ്ട്. നടന് രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്. തന്റെ വിവാഹ ജീവിതത്തിലെ താളപ്പിഴകളെ കുറിച്ചും സിനിമ ജീവിതത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നളിനി. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നളിനി മനസ് തുറന്നത്.
'' മലയാളത്തില്‍ രണ്ടാമത്തെ സിനിമയാണ് 'ഇടവേള'. ആ സിനിമയുടെ നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളി സാറാണ് നളിനി എന്ന പേരിട്ടത്. സംവിധായകന് മോഹന്‍ സര് നളിനി എന്നു വിളിക്കുമ്പോള്‍ അതു എന്റെ പേരെന്ന് പോലും അറിയാതെ ഇരുന്നു. അതു കണ്ട് ലൊക്കേഷനില്‍ എല്ലാവരും ചിരിച്ചു. റാണി പദ്മിനി, റാണി ചന്ദ്ര എന്നീ നടികള്‍ മുന്‍പ് ഉണ്ടായിരുന്നതു കൊണ്ടാവാം അവര്‍ പേര് മാറ്റിയതെന്ന് തോന്നുന്നു. പ്രേക്ഷകര്‍ നളിനി എന്നു വിളിക്കുന്നു. വീട്ടുകാര്‍ റാണി എന്നും. റാണി എന്ന പേരിനേക്കാള്‍ ഇഷ്ടമാണ് നളിനി.
മമ്മൂട്ടിയോടൊപ്പം സ്നേഹമുള്ള സിംഹം, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങിയ സിനിമകള്‍. സ്നേഹമുള്ള സിംഹത്തിലെ മായ എന്ന കഥാപാത്രമാണ് പ്രിയപ്പെട്ടത്. മായ എന്ന വിളി ആ സമയത്ത് ഒരുപാട് ലഭിച്ചു. അടിമകള്‍ ഉടമകളിലും വാര്‍ത്തയിലും മോഹന്‍ലാലും ഉണ്ടായിരുന്നു. ഭൂമിയിലെ രാജാക്കന്മാരില് മോഹന്‍ലാലിന്റെ നായികയായി. സംവിധായകന്റെ നടീ നടന്മാരായിരുന്നു അക്കാലത്ത് ഞങ്ങള്‍ എല്ലാവരും. ശശിസാറിന്റെ സിനിമയില്‍ എല്ലാവര്ക്കും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കും. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് മറക്കാന്‍ കഴിയില്ല. 'പശി'കണ്ട സമയത്ത് ശോഭേച്ചിയെ നേരിട്ടു കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. സാധിച്ചില്ല. അദ്ധ്യാപികയാവണമെന്ന് ഒരുപാട് ആഗ്രഹിച്ചു. ആ ആഗ്രഹം ഇപ്പോഴുമുണ്ട്.
കൊച്ചുമക്കള്‍ക്കു മുന്പില് ദിവസവും കഥ പറച്ചില് നടത്തി സ്വയം അദ്ധ്യാപികയായി മാറുന്നു. നടക്കാതെ പോയ ആഗ്രഹം അടുത്ത ജന്മത്തില് സാക്ഷാത്കരിക്കണം. സിനിമയില്‍ വരാന്‍ ആഗ്രഹിച്ചില്ല. ദൈവം കൊണ്ടു വന്നതാണ്. എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല, മക്കളെ നന്നായി പഠിപ്പിച്ചു. അവര്‍ സിനിമയില്‍ വരരുതെന്ന കടുത്ത തീരുമാനം ഞാന്‍ എടുത്തു. വീട്ടില്‍ ഒരിക്കലും സിനിമ സംസാരിച്ചില്ല. എന്റെ അഭിമുഖം വന്ന മാഗസിന് പോലും കാണിച്ചില്ല. വിവാഹ ജീവിതം ശാപമായിരുന്നു. അതില്‍ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല.
തമിഴില്‍ കുറെ സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. അതു പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേര്‍പിരിഞ്ഞു. വിവാഹ ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെ. മുത്തശ്ശിയുടെ ജീവിതം നന്നായി ആസ്വദിക്കുന്നു. എനിക്ക് പ്രായമായി. എന്നാല്‍ കൊച്ചമക്കള്ക്കൊപ്പം അവരിലൊരാളാവാന്‍ ശ്രമിക്കുന്നു. മക്കളായ അരുണും അരുണയും ഇരട്ടകള്‍. അരുണിന്റെ മക്കളായ നിയന്തും സ്വാസതും ഒപ്പം ഉണ്ടെങ്കില്‍ സമയം പോവുന്നത് അറിയില്ല. അരുണ്‍ ലണ്ടനില്‍ ചാര്ഡേണ്ട് അക്കൗണ്ടന്റ്. മരുമകള്‍ പവിത്ര. അരുണ ചെന്നൈയില്‍ ചാര്‍ട്ടേഡ് ബാങ്കില്‍ ലീഗല്‍ അഡൈ്വസര്‍. മരുമകന് രമേഷ് സുബ്രഹ്മണ്യന്. മുത്തശ്ശിയുടെ മാത്രമല്ല, അമ്മയുടെയും അമ്മായി അമ്മയുടെയും ജീവിതവും ആസ്വദിക്കുന്നു.'' നളിനി പറയുന്നു.






