
കൊച്ചി: മന്ത്രി കെ ടി ജലീലിനെതിരേ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായി തുടരുമ്പോള്‍ നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം കൊണ്ടുവന്നതിൽ കസ്റ്റംസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ കോൺസുലൽ ജനറലിനെ അടക്കം ഉൾപ്പെടുത്തിയാണ് അന്വേഷണം. ഇതിന്റെ ആദ്യ പടിയായി കോൺസുലേറ്റിലേക്ക് മതഗ്രന്ഥം കൊണ്ടുപോയവരെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.
എയർ കാർഗോയിൽ നിന്ന് മതഗ്രന്ഥം കോൺസുലേറ്റിലേക്ക് കൊണ്ടുപോയ വാഹനമുടമ, ഡ്രൈവർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ പാക്കറ്റില്‍ ഉള്ളത് മതഗ്രന്ഥം ആണെന്ന് അറിയാതെതാണ് കൊണ്ടുപോയതെന്നാണ് വാഹനമുടമ നല്‍കിയിരിക്കുന്ന മൊഴി. അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിനിധികളിൽ നിന്ന് കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്.
അതേസമയം കോണ്‍സുലേറ്റ് ജനറലിനെ അടക്കം ചോദ്യം ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് കസ്റ്റംസിന് മുന്നിലുള്ളത്. ഇതിന് കേന്ദ്ര അനുമതിയടക്കം ഉള്ള കാര്യങ്ങളുണ്ട്. ഇവ സാധ്യമായാലേ തുടർ നടപടി ഉണ്ടാകൂ. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ നൽകിയ ഹർജി നാളെ കോടതി പരിഗണിക്കും.
ആദായ നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും നീക്കമുണ്ട്. കോടതി അനുമതി കിട്ടുന്നത് അനുസരിച്ച് സ്ഥാവരജംഗമ വസ്തുക്കളും ബാങ്ക് നിക്ഷേപങ്ങളും മരവിപ്പിക്കും.






