
ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏഥർ എനർജി 450X മോഡലിന്റെ കളക്ടേഴ്സ് എഡിഷൻ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2020 സെപ്റ്റംബർ 26 ന് ഏഥർ 450X കളക്ടേഴ്സ് എഡിഷൻ വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ട്. മുൻകൂട്ടി ഓർഡർ ചെയ്ത ആദ്യ സെറ്റ് ഉപഭോക്താക്കൾക്കായിരിക്കും പുതിയ സ്പെഷ്യൽ പതിപ്പ് ലഭ്യമാവുക.
പുതിയ മാറ്റ് ഗ്രേ പെയിന്റ് സ്കീമിന് വൈറ്റ്, റെഡ് ഗ്രാഫിക്സ് അല്ലെങ്കിൽ ഹൈലൈറ്റുകൾ ഉപയോഗിച്ച് പ്രാധാന്യം ലഭിച്ചേക്കും. റിപ്പോർട്ട് പ്രകാരം പുതിയ മാറ്റ് ഗ്രേ, മിന്റ് ഗ്രീൻ നിറങ്ങൾ 450X-ൽ പ്രത്യേകമായി അവതരിപ്പിച്ചേക്കാം. ബ്രാൻഡിന്റെയും ഉൽപ്പന്നത്തിൻറെയും ആദ്യകാല സ്വീകർത്താക്കളോടുള്ള ആദരസൂചകമായാണ് കമ്പനിയുടെ കളക്ടേഴ്സ് എഡിഷൻ എത്തുന്നത്.
അഞ്ച് മണിക്കൂർ 45 മിനിറ്റ് മാത്രം മതി ഏഥർ 450X പൂർണമായി ചാർജാകാൻ. ഒരൊറ്റ ചാർജിൽ 85 കിലോമീറ്റർ മൈലേജാണ് 450X ഇലക്ട്രിക് സ്കൂട്ടറിന് ലഭിക്കുന്നത്. സ്മാര്‍ട്ട് ഹെല്‍മെറ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), തുടങ്ങയവയും 450X വാങ്ങുന്നതിനൊപ്പം ഓപ്ഷണല്‍ ആക്സസറികളായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏഥർ 450X ആദ്യമായി പുറത്തിറക്കിയത് സ്റ്റാൻഡേർഡ്, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ്. ഏഥർ 450X പ്ലസിന് 1.49 ലക്ഷം രൂപയും സ്റ്റാൻഡേർഡ് പതിപ്പിന് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.






