
ക്രൂയിസർ വിഭാഗത്തിലേക്ക് ബിഎംഡബ്ല്യു മോട്ടോർറാഡ് ഇന്ത്യ ബിഎംഡബ്ല്യു R18 ക്രൂയിസർ മുൻനിര മോട്ടോർസൈക്കിൾ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. മോട്ടോസൈക്കിളിന്റെ ബുക്കിംഗ് കമ്പനി ഇപ്പോൾ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർ നെറ്റ്വർക്ക് വഴി ആരംഭിച്ചെന്നാണ് റിപ്പോർട്ട്. 18.90 ലക്ഷം രൂപ ആണ് ആരംഭ എക്സ്-ഷോറൂം വില.
മോട്ടോർസൈക്കിൾ വരുന്നത് സ്റ്റാൻഡേർഡ് ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ്. ഫസ്റ്റ് എഡിഷന് 21.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പൂർണ്ണമായും ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) ഇത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമെന്നാണ് വിവരം. വൈഡ് ഹാൻഡിൽബാറുകൾ, വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ്, ക്രോമിൽ പൂർത്തിയാക്കിയ എക്സ്ഹോസ്റ്റ് പൈപ്പ്, സ്പോക്ക്ഡ് വീലുകൾ എന്നിവയും അതിലേറെയും റെട്രോ സ്റ്റൈലിംഗ് ഘടകങ്ങൾ ബൈക്കിന് ലഭിക്കും.
ഈ ആധുനിക ഹെവിവെയ്റ്റ് ക്രൂയിസറിനെ 1930 -കളുടെ അവസാനത്തിൽ ഉൽപാദനത്തിലുണ്ടായിരുന്ന ബിഎംഡബ്ല്യു R5 -ൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പൂർണ്ണ എൽഇഡി ലൈറ്റിംഗ് സെറ്റപ്പ്, ഹീറ്റഡ് ഗ്രിപ്പുകളും ഓപ്ഷണൽ റിവേർസ് ഗിയറും, ABS, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, സ്വിച്ചബിൾ ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ (ASC), റെയിൻ, റോൾ, റോക്ക് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും ബിഎംഡബ്ല്യു R18 ക്രൂയിസർ ബൈക്കിൽ ലഭ്യമാണ്.
മോട്ടോർസൈക്കിളിന്റെ ഹൃദയം 1,802 സിസി ബോക്സർ-ട്വിൻ, എയർ-കൂൾഡ് & ഓയിൽ-കൂൾഡ് എഞ്ചിനാണ്. 4,750 rpm -ൽ 89.75 bhp കരുത്തും 3,000 rpm -ൽ 158 Nm torque ഉം വികസിപ്പിക്കാനും എഞ്ചിന് കഴിയും. ആറ്-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ചേർത്തുവയ്ക്കുന്നു. റിവേർസ് ഗിയർ ഓപ്ഷണലായി ലഭിക്കുമെന്നാണ് സൂചന.






