ടൊയോട്ട പുതിയ അർബർ ക്രൂയിസർ വിപണിയിലെത്തിച്ചു. കോംപാക്ട് എസ്യുവിക്ക് 8.40 ലക്ഷം മുതൽ 11.40 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളിലാണ് മോഡൽ എത്തുന്നത്.
പുതിയ സബ്-4 മീറ്റർ എസ്യുവിക്കായുള്ള ബുക്കിംഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനം സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ടൊയോട്ടയുടെ ഷോറൂമുകളിൽ നിന്നും അർബൻ ക്രൂയിസർ ബുക്ക് ചെയ്യാം. ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ നിന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്ന രണ്ടാമത്തെ ഉൽപ്പന്നമാണ് ഇത്. അഞ്ച് സീറ്റർ വിറ്റാര ബ്രെസയുമായി വ്യത്യസ്തമാകുന്നതിനായി ചെറിയ ഡിസൈൻ മാറ്റങ്ങൾ മാത്രമാണ് ടൊയോട്ട വാഹനത്തിൽ ഒരുക്കിയിട്ടുള്ളത്.
എൽഇഡി പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, ഫോക്സ് സ്കിഡ് പ്ലേറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ, ഫോർച്യൂണറിന് സമാനമായ ട്വിൻ സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന മനോഹരമായ പുറംമോടിയാണ് ടൊയോട്ട അർബൻ ക്രൂയിസറിൽ ഒരുക്കിയിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് റിയർ വ്യൂ മിററുകൾ, ബ്ലാക്ക് സൈഡ് ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ. അർബൻ ക്രൂയിസറിന്റെ മൊത്തത്തിലുള്ള അനുപാതം ബ്രെസയ്ക്ക് സമാനമാണ്.
ഐക്കണിക് ഗ്രേ, സണ്ണി വൈറ്റ്, സുവേ സിൽവർ തുടങ്ങിയ മോണോ ടോൺ കളറുകളിലും സിസ്ലിംഗ് ബ്ലാക്ക് റൂഫിനൊപ്പം റസ്റ്റിക് ബ്രൗൺ, സിസ്ലിംഗ് ബ്ലാക്ക് റൂഫിനൊപ്പം സ്പങ്കി ബ്ലൂ, സണ്ണി വൈറ്റ് റൂഫിനൊപ്പം ഗ്രോവി ഓറഞ്ച് എന്നീ ഡ്യുവൽ ടോൺ കളറിലും എസ്യുവി തെരഞ്ഞെടുക്കാൻ സാധിക്കും.






